സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ; വെളിച്ചെണ്ണയും പരിപ്പുമടക്കം15 സാധനങ്ങൾ, 20 കിലോ അരി 25 രൂപ നിരക്കിൽ

സംസ്ഥാനസർക്കാരിന്റെ സൗജന്യഓണക്കിറ്റ് ചൊവ്വാഴ്‌ച മുതൽ വിതരണംചെയ്യും. സംസ്ഥാനതല ഉദ്‌ഘാടനം രാവിലെ 9.30ന് ജില്ലാപഞ്ചായത്ത് ഹാളിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റാണ് നൽകുന്നത്.
5,92,657 മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ഒരു കിറ്റ് എന്ന നിലയിലാണ് നൽകുക. ഇത്തരത്തിൽ 10,634 കിറ്റുകൾ നൽകും. എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും കിട്ടുന്ന സൗജന്യ ഓണക്കിറ്റിൽ തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഉള്ളത്. പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റർ, തുവരപ്പരിപ്പ് 250 ഗ്രാം, ചെറുപയർ പരിപ്പ് 250 ഗ്രാം, വൻപയർ 250 ഗ്രാം, കശുവണ്ടി 50 ഗ്രാം, നെയ്യ് 50 എംഎൽ, തേയില 250 ഗ്രാം, പായസം മിക്സ് 200 ഗ്രാം, സാമ്പാർ പൊടി 100 ഗ്രാം, ശബരി മുളക് 100 ഗ്രാം, മഞ്ഞൾപ്പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, ഉപ്പ് ഒരു കിലോ എന്നിവയാണ് സാധനങ്ങൾ.
സെപ്റ്റംബർ നാലിന് വിതരണം പൂർത്തിയാക്കും. ആറു ലക്ഷത്തിൽ പരം എഎവൈ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുന്നത്. അതേസമയം ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ബിപിഎൽ-എപിഎൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ഇത് ലഭിക്കും.
Story Highlights : Onamkit distribution from August 26
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here