ബത്തേരി സർവജന സ്‌കൂളിലെ ഒരാൾ പൊക്കത്തിലുള്ള ചിതൽ പുറ്റ് പൊളിച്ച് നീക്കി

ഷഹ്‌ല ഷെറിന്റെ മരണത്തെ തുടർന്ന് വിവാദമായ സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ അങ്കണത്തിലെ ഒരാൾ പൊക്കത്തിലുള്ള ചിതൽ പുറ്റ് പൊളിച്ച് നീക്കി. ഷഹ്‌ലയുടെ മരണത്തിന് പിന്നാലെയാണ് പാമ്പിനെ പിടികൂടാനും ചിതൽ പുറ്റ് പൊളിച്ച് നീക്കാനും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായത്.
ഷഹ്‌ലയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ സ്‌കൂളിലെയും പരിസരങ്ങൾ അടിയന്തരമായി സുരക്ഷിതമാക്കണമെന്നും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നിർദേശിച്ചിരുന്നു. സ്‌കൂൾ പരിസരത്തെ മാലിന്യങ്ങൾ കഴിഞ്ഞ ദിവസം നീക്കിയിരുന്നു.
ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹ്‌ല ഷെറിന് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. കാലിൽ ആണി തറച്ചതാണെന്ന് കരുതി വിദ്യാർത്ഥിക്ക് വേണ്ട സമയത്ത് ചികിത്സ നൽകാൻ അധ്യാപകർ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്. കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്നതിനാൽ താലൂക്ക് ആശുപത്രിൽ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിച്ചിരുന്നു.
Story highlights- Snake bite, Shahla sherin, school student, death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here