കംപ്യൂട്ടർ ഹാക്ക് ചെയ്ത് ഹാക്കർമാർ വൻ തുക ആവശ്യപ്പെടുന്നു; സഹായം അഭ്യർത്ഥിച്ച് യുവ സംവിധായകൻ: വീഡിയോ

കംപ്യൂട്ടർ ഹാക്ക് ചെയ്ത് ഹാക്കർമാർ വൻതുക ആവശ്യപ്പെടുന്നു എന്നറിയിച്ച് യുവ സംവിധായകൻ എസ്ആര്‍ സൂരജ്. വെബ് സീരീസും മ്യൂസിക് ആൽബവും അടക്കമുള്ള വർക്കുകളുടെ ഫോൾഡർ എൻക്രിപ്റ്റ് ചെയ്ത് അത് തിരികെ നൽകണമെങ്കിൽ പണം നൽകണമെന്നാണ് ഹാക്കർമാരുടെ ആവശ്യം. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സൂരജ് ഇക്കാര്യങ്ങൾ അറിയിച്ചത്.

വർക്കുകളുടെ വിഷ്വലുകൾ കോപ്പി ചെയ്ത് വെച്ചിരിക്കുന്ന എഡിറ്റിംഗ് സിസ്റ്റം ഹാക്ക് ചെയ്ത് 950 ഡോളറാണ് ഹാക്കർമാർ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സൂരജ് പറയുന്നു. ഏതാണ് 68202 ഇന്ത്യ രൂപ വരും ഇത്. ബിറ്റ്കോയിനായി പണം നൽകണമെന്നാണ് ഇവരുടെ ആവശ്യം. പണം 72 മണിക്കൂറിനുള്ളില്‍ കൊടുക്കുകയാണെങ്കില്‍ 950നു പകരം 490 ഡോളര്‍ (35178.37 രൂപ) നല്‍കിയാല്‍ മതിയെന്നും ഹാക്കർമാർ കുറിച്ചിട്ടുണ്ട്.

നാലു വർക്കുകളുടെ വിഷ്വലുകളാണ് ഹാക്കർമാർ തടഞ്ഞ് വെച്ചിരിക്കുന്നത്. .derp എന്ന എക്സ്റ്റൻഷനിലേക്കാണ് ഫയലുകൾ മാറ്റിയിരിക്കുന്നത്. കംപ്യൂട്ടറിൽ ഒരു ടെക്സ്റ്റ് ഫയൽ കൂടി ഹാക്കർമാർ സേവ് ചെയ്തിട്ടുണ്ട്. അതിലാണ് തങ്ങൾ ഇത് ഹാക്ക് ചെയ്തതാണെന്നും മാറ്റണമെങ്കിൽ പണം വേണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു മാസം മുൻപ് നടന്ന സംഭവമാണെന്നും ഇത്രയും നാൾ പലരെക്കൊണ്ടും ഇത് വീണ്ടെടുക്കാൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും ഇദ്ദേഹം പറയുന്നു. സൈബർ വിദഗ്ധരും സൈബർ സെല്ലിലുള്ളവരും ഫേസ്ബുക്കിലെ ഹാക്കർമാരുമൊക്കെ ശ്രമിച്ചിട്ടും അത് വീണ്ടെടുക്കാൻ കഴിയാതിരുന്നതു കൊണ്ട് അവസാന ശ്രമമെന്ന നിലയിലാണ് ഫേസ്ബുക്കിൽ ലൈവ് വന്നതെന്നും സൂരജ് പറയുന്നു.

സഹായിക്കാൻ കഴിയുന്നവർ സഹായിക്കണമെന്നാണ് അദ്ദേഹത്തിൻ്റെ ആവശ്യം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More