Advertisement

ശബരിമലയിൽ തീര്‍ത്ഥാടകരുടെ വൻ തിരക്ക്; നിലയ്ക്കലിൽ കൂടുതൽ പാർക്കിംഗ് സൗകര്യമൊരുക്കാൻ ദേവസ്വം ബോർഡിന്റെ നിർദേശം

November 24, 2019
Google News 2 minutes Read

ശബരിമലയിൽ വരും ദിവസങ്ങളിൽ തിരക്ക് ഉയരുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലയ്ക്കലിൽ കൂടുതൽ പാർക്കിംഗ് സൗകര്യമൊരുക്കാൻ ദേവസ്വം ബോർഡിന്റെ നിർദേശം. 2000 വാഹനങ്ങൾ അധികമായി പാർക്ക് ചെയ്യാനുള്ള സൗകര്യം അടിയന്തിരമായി ഒരുക്കാനാണ് നീക്കം.

അതേസമയം, ഇത്തവണ മണ്ഡലകാലം ആരംഭിച്ച ശേഷം ശബരിമലയിൽ എത്തിയത് 30288 വാഹനങ്ങളാണ്. കഴിഞ്ഞ മണ്ഡലകാലത്ത് നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ട് നിറഞ്ഞ് കവിയുകയും, ഭക്തർ 9 കിലോമീറ്റർ ദൂരത്തിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ അകപ്പെടുകയും ചെയ്തിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ട് വിസ്തൃതപ്പെടുത്താനുള്ള നടപടികൾ ഉണ്ടായിരിക്കുന്നത്. ഇപ്പോൾ 15,000 ത്തോളം വാഹനങ്ങളാണ് ഒരേസമയം പാർക്ക് ചെയ്യാനാകുക. ഇത് കൂടാതെ 2000 വാഹനങ്ങൾകൂടി അധികമായി പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് അടിയന്തിരമായി ഒരുക്കുന്നത്. ഡിസംബർ പകുതിയോടെ ഭക്തരുടെ വരവ് ക്രമാതീതമായി ഉയരുമെന്നും കൂടുതൽ വാഹനങ്ങൾ എത്തുമെന്നുമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് നടപടികൾ എടുത്തിരിക്കുന്നത്.

ഇക്കുറി മണ്ഡല പൂജകൾക്കായി നടതുറന്നശേഷം അയ്യപ്പദർശനത്തിനായി എത്തിയ ഭക്തരുടെ എണ്ണം 217000 കവിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിവരെയുള്ള കണക്കനുസരിച്ച് 2288 ഹെവി വെഹിക്കിൾസും, 8800 മീഡിയം വെഹിക്കിളുകളും, 19200 ചെറുവാഹനങ്ങളുമാണ് നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിയത്. ആകെ 30288 വാഹനങ്ങളാണ് ഇത്തവണ എത്തിയത്. വിശേഷദിവസങ്ങളിൽ ഭക്തരുടെ വരവ് ഉയരുന്ന സാഹചര്യത്തിൽ എരുമേലിയിലും, ളാഹയിലുമടക്കം വാഹനനിയന്ത്രണങ്ങളും പാർക്കിംഗും ഒരുക്കാനുള്ള നീക്കവും മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തു നിന്നുമുണ്ട്.

Story highlight: Heavy rush of pilgrims at sabarimala Sabarimala Devaswom Board proposes to make more parking at Nilakkal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here