മുടക്കിയത് ലക്ഷങ്ങള്‍; ഇടുക്കി കാഞ്ഞാര്‍ പാര്‍ക്ക് കാട് കയറി നശിക്കുന്നു

ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഇടുക്കി കാഞ്ഞാര്‍ പാര്‍ക്ക് കാടു കയറി നശിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും രണ്ടാം ഘട്ട ജോലികള്‍ ഇനിയും തുടങ്ങിയിട്ടില്ല. നിര്‍മാണം ശാസ്ത്രീയമായി പൂര്‍ത്തിയാക്കിയാല്‍, കാഞ്ഞാര്‍ പാര്‍ക്ക് ഇടുക്കിയില്‍ എത്തുന്ന സഞ്ചാരികളുടെ ഇടത്താവളമാകും.
ഇടുക്കി ബ്ലോക്ക് പഞ്ചായത്താണ് 12 ലക്ഷം രൂപ മുടക്കി കാഞ്ഞാര്‍ പാര്‍ക്ക് നിര്‍മിക്കുന്നത്. നാല് വര്‍ഷം മുന്‍പ് നിര്‍മിച്ച പാര്‍ക്ക് ഇന്ന് സര്‍ക്കാര്‍ ഫണ്ട് ചിലവഴിക്കാനുള്ള ഉപാധി മാത്രമായി മാറിയിരിക്കുകയാണ്. പാര്‍ക്കില്‍ എത്തുന്നവര്‍ക്ക് ഇരിപ്പിടങ്ങള്‍ ഒരുക്കുക, ശുചിമുറി, പുഴയുടെ തീരത്ത് സംരക്ഷണ വേലി, സന്ധ്യ സമയത്തേക്കു വിളക്കുകള്‍ തുടങ്ങിയവ സ്ഥാപിച്ചാല്‍ ഇവിടം സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും വിശ്രമകേന്ദ്രമാകും.
എന്നാല്‍ ആദ്യഘട്ടത്തില്‍ നിര്‍മിച്ച പൂന്തോട്ടം ഉള്‍പെടെ ഇന്ന് കാട് കയറി കിടക്കുകയാണ്. വാട്ടര്‍ഷെഡ് തീം പാര്‍ക്കിലും കാടുകയറി. പാര്‍ക്ക് കാടുകയറി നശിച്ചതോടെ ആരും ഇവിടേക്കു തിരിഞ്ഞു നോക്കുന്നില്ല. നവീകരണത്തിനായി ബ്ലോക്ക് പഞ്ചായത്തും സ്ഥലം എംഎല്‍എയും ഫണ്ട് നല്‍കാമെന്ന് പറഞ്ഞെങ്കിലും നടപടിയായില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here