ത്രികക്ഷി സഖ്യം നൽകിയ ഹർജി അൽപസമയത്തിനകം കോടതി പരിഗണിക്കും

മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്നവിസിന്റെ സത്യപ്രതിജ്ഞയെയും സർക്കാർ രൂപീകരണത്തെയും ചോദ്യം ചെയ്ത് ത്രികക്ഷി സഖ്യം നൽകിയ ഹർജി അൽപസമയത്തിനകം സുപ്രിം കോടതി പരിഗണിക്കും. ജഡ്ജിമാർ ചേബറിലെത്തി. 11.30 നാണ് ഹർജി പരിഗണിക്കുക. സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടികൾ സുപ്രിം കോടതിയെ സമീപിച്ചത്.
മനു അഭിഷേക് സിംഗ്‌വിയും കപിൽ സിബലും ത്രികക്ഷി സഖ്യത്തിന് വേണ്ടി ഹാജരാകും. മുകുൾ റോത്തഗിയാണ് ബിജെപി അഭിഭാഷകൻ.
ജസ്റ്റിസുമാരായ രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ശനിയാഴ്ച രാത്രി തന്നെ ഹർജി പരിഗണിക്കണമെന്ന് ശിവസേനയും കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഡൽഹിയിൽ ഇല്ല. ഗവർണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരമാണെന്നും ഹർജിയിൽ പറയുന്നു.
അതേസമയം, ബിജെപി നേതൃത്വം രാവിലെ ശരത് പവാറിനെ സന്ദർശിച്ചു. എൻസിപി എംഎൽഎമാരിൽ ഭൂരിപക്ഷവും ഇപ്പോഴും ശരത് പവാറിനൊപ്പമാണെന്ന സാഹചര്യത്തിലാണ് ചർച്ച. സഞ്ജയ് കാഖഡെ എംപി വസതിയിലെത്തിയാണ് പവാറിനെ കണ്ടത്.
48 എംഎൽഎമാർ ശരത് പവാറിന്റെ കൂടെയാണെന്നും മരുമകൻ അജിത്തിനൊപ്പം ആറ് പേർ മാത്രമെന്നും ആണ് എൻസിപി അവകാശവാദം. സൂചനകൾ പ്രകാരം അംഗബലം ശരത് പവാറിനെന്ന് തിരിച്ചറിഞ്ഞാണ് ബിജെപിനീക്കം. ശിവസേന കൊടുക്കാവുന്നതിലധികം മന്ത്രി സ്ഥാനം നൽകാമെന്ന് ബിജെപി വാഗ്ദാനം നൽകിയതായും റിപ്പോർട്ടുകളുണ്ട്. അതിനിടെ അജിത് പവാർ അഭിഭാഷകരുമായി ചർച്ച നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here