‘അധികാരം വരും പോകും, ബന്ധങ്ങൾക്കാണ് പ്രാധാന്യം’; അജിത് പവാറിനെ ലക്ഷ്യംവച്ച് സുപ്രിയ സുലെ

മഹാരാഷ്ട്രയിൽ ബിജെപിക്കൊപ്പം ചേർന്ന അജിത് പവാറിനെ ലക്ഷ്യംവച്ച് ശരത് പവാറിന്റെ മകൾ സുപ്രിയ സുലെ. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലൂടെയാണ് സുപ്രിയയുടെ പ്രതികരണം. അധികാരം വരികയും പോവുകയും ചെയ്യുമെന്നും ബന്ധങ്ങൾക്ക് മാത്രമാണ് പ്രാധാന്യമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും സുപ്രിയ വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ പറയുന്നു.

‘മൂല്യങ്ങൾക്കാണ് അന്തിമ വിജയം. സത്യസന്ധതയും കഠിനാധ്വാനവും ഒരിക്കലും പാഴായിപ്പോകില്ല. ആ വഴി കാഠിന്യമേറിയതാണ്. എന്നാൽ അതാണ് ദീർഘകാലം നിലനിൽക്കുക’ ഇതായിരുന്നു സുപ്രിയയുടെ മറ്റൊരു സ്റ്റാറ്റസ്. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കുടുംബവും പാർട്ടിയും പിളർന്നെന്ന് പറഞ്ഞ് സുപ്രിയ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു.

അതിനിടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തെ ചോദ്യം ചെയ്ത് എൻസിപി, കോൺഗ്രസ്, ശിവസേന സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് സുപ്രിംകോടതി നാളെത്തേക്ക് മാറ്റി. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രേഖകൾ നാളെ രാവിലെ 10.30ന് ഹാജരാക്കാൻ കോടതി നിർദേശിച്ചു.

Story highlights- Ajit pavar, sarath pavar, supriya sule, NCP, Congress, Shivasena

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top