കോട്ടയം ഗാന്ധിനഗറിൽ റിട്ട. എസ്‌ഐ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കോട്ടയം ഗാന്ധിനഗറിൽ റിട്ടയേർഡ് എസ്‌ഐയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അടിച്ചിറ പത്തടിപ്പാലത്ത് പറയക്കാല വീട്ടിൽ ശശിധരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ വഴിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പുലർച്ച നടക്കാനിറങ്ങിയപ്പോഴാണ് കൊലപാതകം നടന്നത്. പത്രമിടാൻ എത്തിയ യുവാക്കളാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. രക്തം മുഖത്ത് പടർന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് യുവാക്കൾ കൗൺസിലറേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു.

നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള യുവാവുമായി ശശിധരൻ മുൻപ് വാക്ക്  തർക്കത്തിലേർപ്പെട്ടിരുന്നു. വീടിന് സമീപത്തേക്കുള്ള വഴിയുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ശശിധരന്റെ രണ്ട് മക്കൾ വിദേശത്താണ്. ഇന്ന് രാത്രി വിദേശത്തേക്ക് പുറപ്പെടാനിരിക്കെയാണ് കൊലപാതകം. മൃതദേഹം നിലവിൽ കോട്ടയം മെഡിക്കൽ കോളജിലാണ്. പോസ്റ്റുമോർട്ടവും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയായ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top