‘അതറിയണമെങ്കിൽ ക്രിക്കറ്റ് കളിക്കണം’; ഹർഷ ഭോഗ്‌ലയെ അവഹേളിച്ച് സഞ്ജയ് മഞ്ജരേക്കർ: വീഡിയോ

ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൻ്റെ ടെലിവിഷൻ ചർച്ചക്കിടെ പ്രമുഖ ക്രിക്കറ്റ് കമൻ്റേറ്റർ ഹർഷ ഭോഗ്‌ലയെ അവഹേളിച്ച് മുൻ ദേശീയ താരവും കമൻ്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. പിങ്ക് ബോളിൻ്റെ കാഴ്ചയെപ്പറ്റി കൂടുതൽ ചർച്ചകൾ ഉണ്ടാവണമെന്ന ഹർഷയുടെ പരാമർശത്തെയാണ് മഞ്ജരേക്കർ അവഹേളിച്ചത്.

കോലിയോടോ പൂജാരയോടോ ഇക്കാര്യത്തിൽ അഭിപ്രായം ചോദിക്കണമെന്നും അത് നല്ലതായിരിക്കുമെന്നും ഹർഷ പറഞ്ഞപ്പോൾ പുറത്തു നിൽക്കുന്ന ഒരാൾക്ക് ബാറ്റ്സ്മാൻ പന്ത് ശരിക്ക് കാണുന്നുണ്ടോ എന്ന് പറയാനാവില്ലെന്ന് മഞ്ജരേക്കർ മറുപടി നൽകി. എന്നാലും ചോദിക്കുന്നതിൽ തെറ്റില്ലെന്നും കാര്യങ്ങൾ അറിയാൻ കഴിയുമെന്നും ഹർഷ പ്രതികരിച്ചു. തുടർന്നായിരുന്നു മഞ്ജരേക്കരുടെ അധിക്ഷേപം. അതറിയേണ്ടത് നിങ്ങൾക്ക് മാത്രമാണെന്നും ക്രിക്കറ്റ് കളിച്ച ഞാങ്ങൾക്ക് അത് ചോദിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു മഞ്ജരേക്കറുടെ പരാമർശം. ഇതിന് ക്രിക്കറ്റ് കളിക്കാത്തത് ഒരു കുറവായി കണക്കാക്കേണ്ടതില്ലെന്ന് ഹർഷ മറുപടി നൽകി.

ഇതിൻ്റെ വീഡിയോ ക്ലിപ്പ് പ്രചരിച്ചതോടെ ആരാധകർ മഞ്ജരേക്കർക്കെതിരെ രംഗത്തെത്തി. മഞ്ജരേക്കർ ടെലിവിഷൻ കമൻ്ററിയിലെ അപമാനമാണെന്നാണ് ട്വിറ്റർ ലോകം പറയുന്നത്.

നേരത്തെ രവീന്ദ്ര ജഡേജയെ ‘തട്ടിക്കൂട്ട്’ കളിക്കാരൻ എന്നു വിളിച്ച മഞ്ജരേക്കർ വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു.

മനശാസ്ത്രത്തിലും കെമിക്കൽ എഞ്ചിനീയറിങ്ങിലും ബിരുദവും ഐഐഎമ്മിൽ നിന്ന് എംബിഎയ്ക്ക് തത്തുല്യമായ ബിരുദാനന്തര ബിരുദവുമുള്ള ഹർഷ കക്ല ക്രിക്കറ്റ് മാത്രം കളിച്ചാണ് കമൻ്ററി ബോക്സിലെത്തിയത്. ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും മികച്ച കമൻ്റേറ്റർമാരിലൊരാളാണ് ഹർഷ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top