‘ഗാംഗുലിയുടെ ടീം മുതലല്ല ഇന്ത്യ ജയിക്കാൻ തുടങ്ങിയത്’; കോലിക്കെതിരെ ആഞ്ഞടിച്ച് സുനിൽ ഗവാസ്കർ

ഇന്ത്യൻ നായകൻ വിരാട് കോലിക്കെതിരെ ആഞ്ഞടിച്ച് മുൻ താരം സുനിൽ ഗവാസ്കർ. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിനു ശേഷം കോലി നടത്തിയ പ്രസ്താവനക്കെതിരെയാണ് സുനിൽ ഗവാസ്കർ ആഞ്ഞടിച്ചത്. ബിസിസിഐ പ്രസിഡൻ്റായ സൗരവ് ഗാംഗുലിക്ക് നന്ദി പറഞ്ഞു കൊണ്ട് കോലി നടത്തിയ പരാമർശമാണ് ഗവാസ്കറെ ചൊടിപ്പിച്ചത്.

“സ്വയം അടയാളപ്പെടുത്താനുള്ള മർഗം, നമ്മൾ ഉറച്ചു നിന്ന് മറുപടി നൽകുക എന്നതാണ്. അത് തുടങ്ങിയത് ദാദയുടെ ടീം മുതൽക്കാണ്. ഞങ്ങൾ അത് തുടരുന്നു എന്ന് മാത്രം”- കോലി പറഞ്ഞു. ഈ പരാമർശത്തിനെതിരെയാണ് ഗവാസ്കർ രംഗത്തെത്തിയത്.

“ഇതൊരു ഗംഭീര വിജയമാണ്. പക്ഷേ, എനിക്കൊരു കാര്യം പറയാനുണ്ട്. ഇത് തുടങ്ങിയത് 2000ൽ ദാദയുടെ ടീം മുതലാണ് ഇത് തുടങ്ങിയതെന്ന് ഇന്ത്യൻ നായകൻ പറഞ്ഞു. ഗാംഗുലി ബിസിസിഐ പ്രസിഡൻ്റാണെന്ന് എനിക്കറിയാം. ചിലപ്പോ, അദ്ദേഹത്തെപ്പറ്റി നല്ല കാര്യങ്ങൾ പറയണമെന്ന് കോലിക്ക് തോന്നിയിട്ടുണ്ടാവും. പക്ഷേ, ഇന്ത്യ 70കളിലും 80കളിലും വിജയിച്ചിരുന്നു. അന്ന് അയാൾ (കോലി) ജനിച്ചിരുന്നില്ല.”- ഗവാസ്കർ പ്രതികരിച്ചു.

“ക്രിക്കറ്റ് തുടങ്ങിയത് 2000ലാണെന്ന് ഒരുപാട് ആളുകൾ കരുതുന്നുണ്ട്. പക്ഷേ, ഇന്ത്യൻ ടീം 70കളിൽ വിദേശത്ത് ജയിച്ചിട്ടുണ്ട്. 86ൽ ഇന്ത്യ വിദേശത്ത് ജയിക്കുകയും പരമ്പര സമനില പിടിക്കുകയും ചെയ്തിട്ടുണ്ട്. മറ്റുള്ള ടീമുകളെപ്പോലെ ഇന്ത്യ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്”- ഗവാസ്കർ കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top