തിരുവനന്തപുരത്ത് ഫോര്‍മാലിന്‍ അടങ്ങിയ 664 കിലോ മത്സ്യം പിടിച്ചെടുത്തു

സംസ്ഥാനത്ത് വില്‍പ്പനയ്‌ക്കെത്തുന്ന മത്സ്യങ്ങളില്‍ വീണ്ടും ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്തി. തലസ്ഥാനത്തെ പ്രധാന മത്സ്യമാര്‍ക്കറ്റുകളില്‍ തിരുവനന്തപുരം നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ 664 കിലോ ഫോര്‍മാലിന്‍ അടങ്ങിയ മത്സ്യം പിടിച്ചെടുത്തു. നഗരസഭയുടെ 24 സര്‍ക്കിളുകളിലായി നടത്തിയ പരിശോധനയിലാണ് പഴകിയതും രാസവസ്തുക്കള്‍ അടങ്ങിയതുമായ മത്സ്യം കണ്ടെത്തിയത്.

പാളയം ശാസ്തമംഗലം ചാല മണക്കാട്, കേശവദാസപുരം എന്നിവിടങ്ങളിലെ മത്സ്യമാര്‍ക്കറ്റുകളിലാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. പരിശോധനയില്‍ 664 കിലോ ഫോര്‍മാലിന്‍ അടങ്ങിയ മത്സ്യം പിടിച്ചെടുത്തു. കൂടാതെ 1172 കിലോ ചീഞ്ഞ മത്സ്യവും നഗരസഭാ ആരോഗ്യവിഭാഗം പിടിച്ചെടുത്തു.

പരിശോധനയില്‍ ഒരിടത്തും അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയില്ല. പരിശോധന തൊഴിലാളികള്‍ക്കെതിരായ നടപടിയല്ലെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞു. കൂടുതല്‍ മേഖലകളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു. അതിനിടെ അമ്പലമുക്കില്‍ വഴിയോരത്ത് മത്സ്യവിപണനം നടത്തിയ തൊഴിലാളികളുടെ മത്സ്യം പിടിച്ചെടുത്തെന്നാരോപിച്ച് വഴിയോര മത്സ്യക്കച്ചവടക്കാര്‍ നഗരസഭയില്‍ പ്രതിഷേധിച്ചു. എന്നാല്‍ തങ്ങള്‍ അല്ല പൊലീസ് ആണ് ഗതാഗത പ്രശ്‌നം കാരണം അവരെ അവിടുന്ന് ഒഴിപ്പിച്ചതെന്നായിരുന്നു നഗരസഭാധികൃതരുടെ മറുപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top