തീപിടുത്തത്തിൽ നിന്ന് യുവതി രക്ഷപ്പെടുത്തിയ കൊവാല ജീവൻ വെടിഞ്ഞു

ഓസ്ട്രേലിയൻ തീപിടുത്തത്തിൽ നിന്ന് അതിസാഹസികമായി യുവതി രക്ഷപ്പെടുത്തിയ കൊവാല മരിച്ചു. ശരീരത്തേറ്റ മാരക പൊള്ളലുകളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കാതെയാണ് എല്ലൻബൊറോ ലൂയിസ് എന്ന കൊവാല ജീവൻ വെടിഞ്ഞത്. ലൂയിസിനെ പ്രവേശിപ്പിച്ചിരുന്ന പോർട്ട് മക്വയർ കൊവാല ആശുപത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ലൂയിസിൻ്റെ കയ്യിലും കാലിലുമൊക്കെ മാരകമായി പൊള്ളലേറ്റിരുന്നു. രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചതു മുതൽ കൊവാലക്ക് കൃത്യമായ പരിചരണം നൽകിയിരുന്നു. പക്ഷേ, ലൂയിസിനെ രക്ഷപ്പെടുത്താനായില്ല.

കൊവാല കോളനിയിൽ പടർന്നു പിടിച്ച കാട്ടുതീയിൽ നിന്നാണ് ടോണി ദോഹർത്തി എന്ന യുവതി അതിസാഹസികമായി ലൂയിസിനെ രക്ഷപ്പെടുത്തിയത്. റോഡിലൂടെ നടന്നു കൊണ്ടിരുന്ന ലൂയിസ് തീപിടിച്ച സ്ഥലത്തേക്ക് നടക്കുന്നതു കണ്ട് ടോണി പിന്നാലെ ഓടി. ഓടി മരത്തിൽ കയറിയ ലൂയിസിനെ അവിടെ നിന്ന് എടുത്ത് തൻ്റെ ബ്ലാങ്കറ്റിൽ പൊതിഞ്ഞ് ടോണി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന കാട്ടു തീയിൽ പെട്ട് നിരവധി കൊവാലകളാണ് കൊല്ലപ്പെട്ടത്. 31 കൊവാലകളെയാണ് ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുവന്നത്. ഏകദേശം 350 കൊവാലകളോളം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top