മുംബൈ ഇന്ത്യൻസിൽ കളിക്കണമെന്നാണ് ആഗ്രഹം; മനസ്സു തുറന്ന് ഇംഗ്ലണ്ട് വെടിക്കെട്ട് താരം ടോം ബാന്റൺ

വരുന്ന ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനു വേണ്ടി കളിക്കണമെന്നാണ് ആഗ്രഹമെന്ന് ഇംഗ്ലണ്ട് യുവ വിക്കറ്റ് കീപ്പർ ടോം ബാൻ്റൺ. കുട്ടിക്കാലം മുതൽക്കു തന്നെ താൻ മുംബൈ ഇന്ത്യൻസ് ആരാധകനാണെന്നും അവർക്കു വേണ്ടി കളിക്കുക എന്നത് തൻ്റെ ആഗ്രഹമാണെന്നും ബാൻ്റൺ പറഞ്ഞു. ക്രിക്ക്ഇൻഫോക്ക് നൽകിയ അഭിമുഖത്തിലാണ് ബാൻ്റൺ മനസു തുറന്നത്.

“കുട്ടിയായിരുന്നപ്പോൾ മുതൽ മുംബൈ ഇന്ത്യൻസിനെ എനിക്ക് ഇഷ്ടമായിരുന്നു. ഐപിഎല്ലിൽ കളിക്കുക എന്നത് എൻ്റെ സ്വപ്നമായിരുന്നു. ഐപിഎൽ കാണാനെത്തുന്ന കാണികളും അതിനു ലഭിക്കുന്ന ശ്രദ്ധയും നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്. ഇംഗ്ലണ്ട് അണ്ടർ-19 ടീമിനു വേണ്ടി വാംഖഡെയിൽ കളിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിരുന്നു. 5-0നു പരാജയപ്പെട്ടെങ്കിലും അസാമാന്യ ഗ്രൗണ്ട് സപ്പോർട്ട് അവിടെ ഞങ്ങൾക്ക് ലഭിച്ചിരുന്നു.”- ബാൻ്റൺ പറഞ്ഞു.

ഇക്കഴിഞ്ഞ ടി-20 ബ്ലാസ്റ്റിൽ, 42 ശരാശരിയിൽ 549 റൺസ് അടിച്ചുകൂട്ടിയ ബാൻ്റൺ ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടിയ താരമായിരുന്നു. ഇതോടെയാണ് ഐപിഎൽ ടീമുകൾ അദ്ദേഹത്തെ ശ്രദ്ധിച്ചു തുടങ്ങിയത്.

നേരത്തെ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും ബാൻ്റണെ സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. സാം ബില്ലിംഗ്സ് ആണ് ചെന്നൈ റിലീസ് ചെയ്ത ടോപ്പ് ഓർഡർ ബാറ്റ്സ്മാൻ. അതേ സമയം, എവിൻ ലൂയിസ് ആണ് മുംബൈയിൽ നിന്ന് പുറത്തായത്. ഓപ്പണിംഗ് ബാറ്റ്സ്മാനായ ഈ 21കാരൻ ഇരു ടീമുകൾക്കും മുതൽക്കൂട്ടാവുമെന്നത് ഉറപ്പാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top