അങ്കമാലിയിൽ വാഹനങ്ങളുടെ കാഴ്ച മറച്ച് സ്ഥിതി ചെയ്തിരുന്ന കെട്ടിടം പൊളിച്ച് നീക്കി

അങ്കമാലി ദേശീയപാതയിൽ 4 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണമായി നിലനിന്നിരുന്ന കെട്ടിടം നഗരസഭ പൊളിച്ച് നീക്കി. കാഴ്ച മറക്കുന്ന രീതിയിൽ സ്ഥിതി ചെയ്തിരുന്ന കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ അടിയന്തര നടപടി സ്വീകരിച്ചത്.
അങ്കമാലി ദേശീയപാത ബാങ്ക് ജംഗ്ഷന് സമീപം പുറംപോക്ക് ഭൂമിയിൽ അനധികൃതമായി നിർമിച്ച കെട്ടിടമാണ് നഗരസഭാ അധികൃതർ എത്തി പൊളിച്ച് നീക്കിയത്. കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിൽ ഈ കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാവിലെ പ്രതിഷേധവുമായെത്തി കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ പൊളിച്ച് നീക്കിയിരുന്നു. എന്നാൽ സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മാറ്റുകയായിരുന്നു. യാത്രക്കാരുടെ കാഴ്ച മറക്കുന്ന രീതിയിൽ നിലനിൽക്കുന്ന കെട്ടിടം പൊളിച്ച് നീക്കുണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഓട്ടോയും പ്രൈവറ്റ് ബസും കൂടി ഇടിച്ച് നാലുപേർ മരിച്ച സംഭവത്തെ തുടർന്ന് ഇവിടെ നിന്ന് സാധനങ്ങൾ മാറ്റി സ്ഥലം കാലിയാക്കാൻ എംഎൽഎ റോജി എം ജോൺ സ്ഥാപന ഉടമകളോടും ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here