ലോകത്ത് ഏറ്റവും കൂടുതൽ നയതന്ത്ര പ്രതിനിധികളുള്ള രാജ്യമായി ചൈന; രണ്ടാം സ്ഥാനം അമേരിക്കയ്ക്ക്

ലോകത്ത് ഏറ്റവും കൂടുതൽ നയതന്ത്ര പ്രതിനിധികളുള്ള രാജ്യമായി ചൈന. ലോകത്താകെ 276 നയതന്ത്ര കാര്യാലയങ്ങളാണ് ചൈനയ്ക്കുള്ളത്. 273 നയതന്ത്ര കാര്യാലയങ്ങളുമായി അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. ഓസ്ട്രേലിയൻ ഏജൻസിയാണ് കണക്ക് പുറത്തുവിട്ടത്.

ഇതാദ്യമായാണ് നയതന്ത്ര പ്രതിനിധികളുടെ കാര്യത്തിൽ ചൈന ലോകത്ത് ഒന്നാമതാകുന്നത്. അമേരിക്കയെയാണ് ചൈന മറികടന്നത്. ലോകത്താകെ 276 നയതന്ത്ര കാര്യാലയങ്ങൾ ചൈനയ്ക്കുള്ളപ്പോൾ അമേരിക്കയ്ക്ക് 273 നയതന്ത്ര കാര്യാലയങ്ങളും പ്രതിനിധി ഓഫീസുകളുമാണുള്ളത്. ഫ്രാൻസ്, ജപ്പാൻ, റഷ്യ എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനത്ത്. ബ്രിട്ടൻ പതിനൊന്നാം സ്ഥാനത്താണ്. 2016ൽ ബ്രിട്ടൻ ഒമ്പതാം സ്ഥാനത്തായിരുന്നു. എംബസികളും കോൺസുലേറ്റുകളും ഉൾപ്പടെയുള്ളവയാണ് കണക്കിലുൾപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്രതലത്തിലെ രാജ്യങ്ങളുടെ ശക്തി ദൗർബല്യങ്ങളാണ് കണക്കിലൂടെ വെളിപ്പെടുന്നതെന്ന് ഓസ്ട്രേലിയൻ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി അതിവേഗമാണ് ചൈനയുടെ നയതന്ത്ര വളർച്ച. 2016ൽ അവർ 267 നയതന്ത്ര കാര്യാലയങ്ങളുമായി അമേരിക്കയ്ക്കും ഫ്രാൻസിനും പിന്നിൽ മൂന്നാമതായിരുന്നു. എന്നാൽ, 2017ൽ ചൈന രണ്ടാം സ്ഥാനത്തെത്തി. തായ് വാൻ, ബുർക്കിന ഫാസോ, ഡൊമിനിക്കൻ റിപ്പബ്ലിക്, എൽ സാൽവദോർ, ഗാംബിയ, സാവോ ടോം, പ്രിൻസൈപ്പ് എന്നീ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കിയതാണ് ചൈനയുടെ നയതന്ത്രരംഗത്തെ പുതിയ കുതിപ്പിന് കാരണം. അമേരിക്കയും 2016 മുതൽ നയതന്ത്ര ഇടപെടലുകൾ വർധിപ്പിച്ചെങ്കിലും നയതന്ത്ര കാര്യാലയങ്ങളുടെയും പദവിയുടെയും കാര്യത്തിൽ 271ൽ നിന്ന് 273ലെത്തിയതേയുള്ളൂ. എന്നാൽ, ബ്രിട്ടന്റെ കാര്യത്തിൽ കാര്യമായ ഇടിവുണ്ടായി. 2016ൽ അവർക്ക് 216 നയതന്ത്ര കാര്യാലയങ്ങളുണ്ടായിരുന്നത് 2019ൽ 205 ആയി ചുരുങ്ങി.

Story highlight: China, US, diplomatic representatives 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top