ഷഹ്‌ല ഷെറിന്റെ മരണം: അധ്യാപകരില്‍ നിന്ന് ഇന്നും മൊഴിയെടുക്കും

സര്‍വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഇന്നും അന്വേഷണ സംഘം അധ്യാപകരില്‍ നിന്ന് മൊഴിയെടുക്കും. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാകും അധ്യാപകരുടെ മൊഴിയെടുക്കുക. സംഭവത്തില്‍ പ്രതിപട്ടികയിലുള്ള അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തിയിരുന്നു. സ്‌കൂളിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ഷഹ്‌ലയുടെ മരണത്തില്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുക, കുടുംബത്തിന് നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കുക, വയനാടിനോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി ഇന്ന് വയനാട് കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.

നവംബര്‍ 20ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹ്‌ല ഷെറിന് ക്ലാസ് മുറിയില്‍ വച്ച് പാമ്പ് കടിയേറ്റത്. കാലില്‍ ആണി തറച്ചതാണെന്ന് കരുതി വിദ്യാര്‍ത്ഥിനിക്ക് വേണ്ട സമയത്ത് ചികിത്സ നല്‍കാന്‍ അധ്യാപകര്‍ തയാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയില്‍ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകര്‍ സ്വീകരിച്ചത്.

കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങള്‍ പരിമിതമായിരുന്നതിനാല്‍ താലൂക്ക് ആശുപത്രില്‍ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛര്‍ദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തുന്നതിന് മുന്‍പ് കുട്ടി മരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top