മജിസ്‌ട്രേറ്റിനെ തടഞ്ഞുവച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെതിരെ അഭിഭാഷകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ജുഡിഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിക്ക് കത്ത് നല്‍കിയിരുന്നു. ഹൈക്കോടതി കേസ് നാളെ പരിഗണിക്കും.
അതേ സമയം മജിസ്‌ട്രേറ്റ് ദീപാ മോഹന്‍ സിജെഎമ്മിന് നല്‍കിയ പരാതിയില്‍ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. ബാര്‍ അസോസിയേഷന്‍ ഭാരവാഹികളടക്കം കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.
വാഹനാപകടകേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്തതിനെതിരെ വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ നടത്തിയ അതിരുവിട്ട പ്രതിഷേധമാണ് സംഭവങ്ങള്‍ക്കാധാരം. അഭിഭാഷകരുടെ പ്രതിഷേധത്തിനെതിരെ കേരള ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
വഞ്ചിയൂര്‍ കോടതിയിലുണ്ടായ സംഭവം ജുഡിഷ്യറിയുടെ മനോവീര്യം തകര്‍ക്കുന്നതാണെന്ന് ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അനുവദിച്ചുകൊടുക്കാന്‍ പാടില്ലെന്നും, അതിനാല്‍ ഹൈക്കോടതി അടിയന്തിരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
ചേമ്പറില്‍ കയറി ബഹളമുണ്ടാക്കിയതടക്കം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ദീപ മോഹന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു നല്‍കിയ പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ബാര്‍ അസോസിയേഷന്‍ ഭാരവാഹികളടക്കം കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങി അഞ്ച് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here