പാലാരിവട്ടം മേൽപാല നിർമാണ കമ്പനിയായ ആർഡിഎസ് പ്രൊജക്ട്‌സിനെ സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തും

പാലാരിവട്ടം മേൽപാല നിർമാണ കമ്പനിയായ ആർഡിഎസ് പ്രൊജക്ട്‌സിനെ കരിമ്പട്ടികയിൽപ്പെടുത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പാലാരിവട്ടം പാലം നിർമാണ അഴിമതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനിയുള്ള പദ്ധതികളിൽ നിന്ന് കമ്പനിയെ ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
പുനലൂർ-പൂങ്കുന്നം പാതയുടെ ടെൻഡറിൽ നിന്ന് ആർഡിഎസ് ഉൾപ്പെട്ട കൺസോർഷ്യത്തെ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. നിർമാണ പ്രവൃത്തികളിൽ ഗുരുതര ക്രമക്കേടും അഴിമതിയുമാണ് കമ്പനി നടത്തിയത്. ആർഡിഎസ് പ്രൊജക്ടസിന്റെ ഉടമ തന്നെ അറസ്റ്റിലുമായി.
Read Also: പാലാരിവട്ടം പാലം അറ്റകുറ്റപ്പണി; സർക്കാർ എന്തിനും തയാര്‍: മന്ത്രി ജി സുധാകരൻ
കമ്പനി അഴിമതി നടത്തിയതിന് വിജിലൻസ് റിപ്പോർട്ടിൽ ശക്തമായ തെളിവുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ച് കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തുമെന്ന് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കേന്ദ്ര വിജിലൻസ് കമ്മീഷൻ പുറത്തിറക്കിയ മാർഗരേഖ പരിഗണിച്ചാണ് പുതിയ പദ്ധതിയിൽ നിന്ന് കമ്പനിയെ ഒഴിവാക്കിയതെന്നും സർക്കാർ വ്യക്തമാക്കി.
പാലാരിവട്ടം മേൽപ്പാല നിർമാണ അഴിമതി വ്യക്തമായ ഘട്ടത്തിൽ തന്നെ ആർഡിഎസ് പ്രൊജക്ട്‌സിനെ കരിമ്പട്ടികയിൽപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here