ഷെയ്ൻ നിഗമിന് വിലക്ക്; ഇനി അഭിനയിപ്പിക്കില്ലെന്ന് നിർമാതാക്കൾ

നടൻ ഷെയ്ൻ നിഗമിനെ ഇനി അഭിനയിപ്പിക്കേണ്ടതില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. ഷെയ്ൻ നിഗം അഭിനയിച്ചിരുന്ന രണ്ട് സിനിമകളും ഉപേക്ഷിച്ചതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ഷെയിന്റെ നിസഹകരണത്തെ തുടർന്ന് മുടങ്ങിയ വെയിൽ, കുർബാനി എന്നീ സിനിമകളാണ് വേണ്ടെന്നുവച്ചത്.
ഇന്ന് ചേർന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ യോഗത്തിലാണ് ഷെയ്‌നെ വിലക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായത്. മുടങ്ങിയ സിനിമകളുടെ നഷ്ടം ഷെയ്ൻ നികത്തുംവരെ സഹകരിപ്പിക്കില്ലെന്ന് നിർമാതാക്കൾ യോഗത്തിൽ വ്യക്തമാക്കി. തീരുമാനം താര സംഘടനയായ എഎംഎംഎയെ അറിയിച്ചിട്ടുണ്ടെന്ന് നിർമാതാക്കൾ പറഞ്ഞു.
ഷൂട്ടിംഗുമായി നിരന്തരമായി നിസഹകരിക്കുന്ന സമീപനമാണ് ഷെയ്ൻ നിഗം സ്വീകരിക്കുന്നതെന്ന് നിർമാതാക്കൾ പറയുന്നു. മലയാള സിനിമയിൽ നിന്ന് ഒരിക്കലും ഉണ്ടാവാത്ത മോശം അനുഭവമാണ് ഷെയിനിൽ നിന്ന് ഉണ്ടായത്. പ്രശ്‌നങ്ങൾ തീർക്കാനായി എഎംഎംഎ ഭാരവാഹികളെയും ഷെയ്ൻ നിഗമിന്റെ അമ്മയെയും പങ്കെടുപ്പിച്ച് ചർച്ച നടത്തിയിരുന്നു. അതിനെ തുടർന്ന് ഒരു ദിവസം അമ്മ ലൊക്കേഷനിൽ വന്നു. അന്നു കാര്യങ്ങൾ ഭംഗിയായി നടന്നു. പിറ്റേന്ന് ഷെയ്ൻ ബൈക്ക് എടുത്ത് പുറത്തു പോവുകയായിരുന്നു. എവിടെപ്പോയെന്ന് ഒരു വിവരവുമില്ല. രണ്ടു ദിവസമാണ് അതിന്റെ പേരിൽ ഷൂട്ട് മുടങ്ങിത്. പിന്നീട് മുടി വെട്ടിയ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുന്നതാണ് കണ്ടത്. സിനിമയ്ക്ക് വേണ്ടി പണം മുടക്കിയവരെ കളിയാക്കുന്ന നടപടിയായിരുന്നു അതെന്നും നിർമാതാക്കൾ കുറ്റപ്പെടുത്തി.
Story highlights- Shane nigam, ban, producers association
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here