ഉദ്ധവ് താക്കറെ ഇനി മഹാരാഷ്ട്ര മുഖ്യമന്ത്രി: സത്യപ്രതിജ്ഞ ഇന്ന്

മഹാരാഷ്ട്രയുടെ 28ാമത് മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 6.40ന് ദാദറിലെ ശിവാജി പാർക്കിലാണ് ചടങ്ങ് നടക്കുക. താക്കറെ കുടുംബത്തിലെ ഒരംഗം ആദ്യമായി മുഖ്യമന്ത്രി ആകുന്നു എന്നതും ഉദ്ധവ് താക്കറെയുടെ സ്ഥാനലബ്ദിയെ ശ്രദ്ധേയമാക്കുന്നു.
മന്ത്രിസഭയുടെ ഘടന സംബന്ധിച്ച കാര്യത്തിൽ ഘടക കക്ഷികൾ തമ്മിൽ എകദേശ ധാരണ രൂപപ്പെട്ടിട്ടുണ്ട്. ശിവസേനക്ക് മുഖ്യമന്ത്രി പദത്തിന് പുറമേ 15 മന്ത്രിമാർ ഉണ്ടാവും. കോൺഗ്രസിന് സ്പീക്കർ പദവിയും 13 മന്ത്രിമാരും, എൻസിപിക്ക് ഉപമുഖ്യമന്ത്രി പദവും 13 മന്ത്രിമാരും എന്നാണ് ഇപ്പോൾ മുന്നണിയിൽ രൂപപ്പെട്ടിരിക്കുന്ന ധാരണ.
Read Also: മഹാരാഷ്ട്രയില്‍ നിയമസഭാ സമ്മേളനം തുടങ്ങി; എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
എൻസിപിയിലേക്ക് മടങ്ങിവന്ന അജിത്പവാറിനെ ഉപമുഖ്യമന്ത്രി ആക്കുന്ന കാര്യത്തിൽ ശിവസേനയും എൻസിപിയും തമ്മിൽ ഇതുവരെ ധാരണ രൂപപ്പെട്ടിട്ടില്ല. അജിത്പവാർ വിരുദ്ധ നിലപാട് ശിവസേനയുടെ സഞ്ജയ് റാവത്ത് പ്രഖ്യാപിച്ചത് എൻസിപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ശിവാജി പാർക്കിൽ നടക്കുന്ന ചടങ്ങ് ആഘോഷമാക്കി മാറ്റാനുള്ള ശ്രമങ്ങളിലാണ് ശിവസേന. വൈകിട്ട് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കാനുള്ള സാധ്യത ഇല്ല. അതേസമയം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗും ശിവാജിപാർക്കിൽ ചടങ്ങുകൾക്ക് ദൃക്‌സാക്ഷി ആയേക്കും.
uddhav thackeray, Maharashtra cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here