അക്കിത്തത്തിന് ജ്ഞാനപീഠം; മലയാളത്തിന് അഭിമാനമായി മഹാകവി

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠം. പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം.
വിവിധ സാഹിത്യ ശാഖകളിൽ കൈമുദ്ര പതിപ്പിച്ച അക്കിത്തം ഭാഷയ്ക്ക് നൽകിയ നിസ്തുല സംഭാവനകൾ മാനിച്ചാണ് പുരസ്കാരം. 11 ലക്ഷം രൂപയും സരസ്വതി ശിൽപവുമടങ്ങുന്നതാണ് ജ്ഞാനപീഠം. 93ാം വയസിലാണ് കവിക്ക് പുരസ്‌കാര ലബ്ധി. പാലക്കാട് കുമരനല്ലൂർ സ്വദേശിയായ അക്കിത്തം 40 ലധികം കൃതികൾ മലയാളത്തിന് സമ്മാനിച്ചു.
കവി ജി ശങ്കരപിള്ള, തകഴി ശിവശങ്കരപിള്ള, എസ്‌കെ പൊറ്റെക്കാട്, എംടി വാസുദേവൻ നായർ, ഒഎൻവി കുറുപ്പ് എന്നീ മലയാളികള്‍ക്കാണ് മുമ്പ് ജ്ഞാനപീഠം ലഭിച്ചിരിക്കുന്നത്.
2017ൽ പത്മശ്രീ നൽകി രാജ്യം മഹാകവിയെ മുമ്പ് ആദരിച്ചിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സാഹിത്യ പുരസ്‌കാരങ്ങളും ഓടക്കുഴൽ അവാർഡും വയലാർ അവാർഡും വള്ളത്തോൾ അവാർഡും ആശാൻ പ്രൈസും ഏറ്റുവാങ്ങിയ കൈകളിലേക്കിനി ജ്ഞാനപീഠവും. 2016ൽ എഴുത്തച്ഛൻ പുരസ്‌കാരം നൽകി സംസ്ഥാനവും കവിയെ ആദരിച്ചു.
കവിത, ഉപന്യാസം, ചെറുകഥ, നിരൂപണം എന്നീ മേഖലകളിൽ മലയാള ഭാഷയിലെ അതികായരിൽ ഒരാളാണ് അക്കിത്തം. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തിലൂടെ ‘വെളിച്ചം ദുഖമാണുണ്ണീ, തമസല്ലോ സുഖപ്രദം’ എന്ന് വായനക്കാരോട് സംവദിച്ച കവി മനുഷ്യൻ ആത്യന്തികമായി നന്മയും സ്‌നേഹവുമാണെന്ന് വിശ്വസിക്കുന്നു. ആകാശവാണിയിൽ കഥാകൃത്തായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. കോഴിക്കോട് ആകാശവാണി കേന്ദ്രത്തിന്റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
akkitham bags njanapeedam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here