ബൈക്ക് യാത്രക്കാരനെ ലാത്തിക്കെറിഞ്ഞ സംഭവം; പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായത് കുറ്റകരമായ അനാസ്ഥയെന്ന് ഡിവൈഎസ്പിയുടെ റിപ്പോർട്ട്

കടയ്ക്കലിൽ ബൈക്ക് യാത്രക്കാരനെ ലാത്തിയെറിഞ്ഞ സംഭവത്തിൽ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ട് കൊല്ലം റൂറൽ എസ്പിക്ക് കൈമാറി. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായത് കുറ്റകരമായ അനാസ്ഥയെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബൈക്ക് നിർത്താനായി സിപിഒ ചന്ദ്രമോഹൻ റോഡിൽ കയറി നിന്ന് ചൂരൽ വീശി. ബൈക്കിന്റെ മുന്നിലേക്കാണ് ചൂരൽ വീശിയത്. തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് കാറിൽ ഇടിച്ചു എന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലാത്തികൊണ്ടെറിഞ്ഞ് വീഴ്ത്തിയെന്ന ആരോപണം തെറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. പരിശോധനയ്ക്ക് ചൂരൽ ഉപയോഗിച്ചത് തെറ്റാണെന്നും റിപ്പോർട്ടിലുണ്ട്. ചൂരൽ ഉപയോഗിക്കുന്നത് കണ്ടിട്ടും വാഹന പരിശോധനയ്ക്ക് നേതൃത്വം നൽകിയ എസ്‌ഐ ഷിബുലാൽ തടഞ്ഞില്ല. അതിനാൽ എസ്‌ഐ ഷിബു ലാലിനും സിപിഒ ചന്ദ്രമോഹനുമെതിരെ വകുപ്പുതല അന്വേഷണം നടത്തും.
അതേസമയം വിഷയത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ഡിസിസിയുടെ നേതൃത്വത്തിൽ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബൈക്ക് യാത്രികനെ ലാത്തിയെറിഞ്ഞ് വീഴ്ത്തിയ പൊലീസുകാരനെ ഡിസ്മിസ് ചെയ്യുക, പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് കൊല്ലം ഡിസിസി കടയ്ക്കൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. പുല്ലുപോലെ ഇറങ്ങി പോകാൻ കഴിയുന്ന വകുപ്പുകളാണ് പൊലീസുകാരനെതിരെ ചുമത്തിയിരിക്കുന്നത് എന്ന് ബിന്ദുകൃഷ്ണ ആരോപിച്ചു. സംഭവത്തിൽ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.
Story highlights- Helmet hunt, kollam, kadakkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here