ഗതാഗതവകുപ്പിന്റെ ഓപ്പറേഷൻ തണ്ടർ തുടരുന്നു; പതിനഞ്ചോളം ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി

ഗതാഗതവകുപ്പിന്റെ ഓപ്പറേഷൻ തണ്ടർ തുടരുന്നു. നിയമലംഘനം നടത്തിയ പതിനഞ്ചോളം ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി. 150ൽ അധികം ബസുകൾക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു.

ടൂറിസ്റ്റ് ബസുകളുടെ അഭ്യാസപ്രകടനങ്ങളും നിയമലംഘനങ്ങളും തുടരുന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കുന്നത്. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും, പൊലീസിൽ റിപ്പോർട്ട് നൽകാനുമാണ് തീരുമാനം. ബസുകളിലെ രൂപമാറ്റം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് പ്രത്യേകം പരിശോധനകൾ നടത്തും. കാതടപ്പിക്കുന്ന ശബ്ദത്തോട് കൂടിയ എയർ ഹോണുകൾ, നിയമവിരുദ്ധമായുള്ള ലൈറ്റിംഗ് സംവിധാനങ്ങൾ ഇവയ്ക്കെല്ലാം പിഴ ഈടാക്കും. ഡ്രൈവറുടെ കാഴ്ച മറക്കുന്ന തരത്തിലുളള അലങ്കാരങ്ങളും സ്റ്റിക്കറുകളും വാഹനത്തിന്റെ മുൻഭാഗത്ത് നിന്ന് ഒഴിവാക്കാനും നിർദേശം നൽകി.

നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്ത വാഹനങ്ങൾ നിയമലംഘനങ്ങൾ തുടർന്നാൽ, കർശന നടപടികളിലേക്ക് കടക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ ആലോചന. ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ ഇന്നലെ ആരംഭിച്ച പരിശോധനയിൽ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top