നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും. മെമ്മറി കാർഡ് നല്കുന്നത് അനീതി ആകും എന്നാണ് നടിയുടെ നിലപാട്.

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് തൊണ്ടി മുതലാണെങ്കിലും അതിലെ ദൃശ്യങ്ങൾ രേഖയാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് ദൃശ്യങ്ങൾ. ഇരയുടെ സ്വകാര്യതയെയും സുരക്ഷയെയും കണക്കിലെടുത്ത് ദൃശ്യങ്ങൾ ദിലീപിന് കൈമാറരുതെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. മെമ്മറി കാർഡ് കേസിലെ രേഖയാണെന്നും പ്രതിയെന്ന നിലയിൽ അതിന്റെ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് നടൻ ദിലീപ് സുപ്രിം കോടതിയിൽ ഹർജി നൽകിയത്. കേസ് തന്റെ പ്രതിച്ഛായ തകർത്തുവെന്നും ദ്യശ്യം ലഭിച്ചാൽ കുറ്റാരോപണം കളവാണെന്ന് ബോധ്യപ്പെടുത്താൻ ആകുമെന്നുമാണ് ദിലീപിന്റെ വാദം.

ഇക്കാര്യം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ദിലീപ് സുപ്രിംകോടതി യെ സമീപിച്ചത്. സ്വകാര്യത മാനിക്കണമെന്നും ദൃശ്യങ്ങൾ ലഭിച്ചാൽ കുറ്റാരോപിതനായ വ്യക്തി ദുരുപയോഗിക്കുമെന്നും പരാതിക്കാരി നൽകിയ അപേക്ഷയിൽ പറയുന്നു. നടി നൽകിയ അപേക്ഷയിലും സുപ്രിംകോടതി ഇന്ന് തീർപ്പ് കൽപ്പിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top