നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ പുനരാരംഭിച്ചു; കേസ് ഡിസംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ പുനരാരംഭിച്ചു. കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലാണ് കേസിന്റെ വിചാരണ. പ്രതിഭാഗത്തിന്റെ പ്രാരംഭവാദത്തിനായി കേസ് ഡിസംബര്‍ മൂന്നിലേക്ക് മാറ്റി. കേസിലെ ഒന്‍പതാം പ്രതി സനല്‍ കുമാറിന്റെ ജാമ്യം വിചാരണക്കോടതി റദ്ദാക്കി. വിദേശത്തായതിനാല്‍ കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായില്ല.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി തീര്‍പ്പ് കല്‍പിച്ചതോടെയാണ് കേസിലെ വിചാരണ നടപടികള്‍ പുനരാരംഭിച്ചത്. നടന്‍ ദിലീപ് എട്ടാം പ്രതിയായ കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം.
നിലവില്‍ ജയിലില്‍ കഴിയുന്ന കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുള്‍പെടെയുള്ള അഞ്ച് പ്രതികളടക്കം എട്ട് പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായി. വിദേശത്തായതിനാല്‍ അവധി അപേക്ഷ നല്‍കിയിരുന്ന ദിലീപ് ഹാജരായില്ല. കേസ് പരിഗണിച്ച മൂന്ന് തവണയും ഹാജരാകാതിരുന്ന ഒമ്പതാം പ്രതി സനല്‍ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കി. വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രതിഭാഗത്തിന്റെ പ്രാരംഭ വാദത്തിനായി കേസ് അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ നേരത്തെ പ്രാരംഭവാദം പൂര്‍ത്തിയാക്കിയിരുന്നു.
കേസില്‍ 10 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജേഷ്, സലിം, പ്രദീപ്, ചാര്‍ളി തോമസ്, നടന്‍ ദിലീപ്, സനല്‍കുമാര്‍ , വിഷ്ണു എന്നിവരാണ് പ്രതികള്‍. പതിനൊന്നും പന്ത്രണ്ടും പ്രതികളായിരുന്ന അഭിഭാഷകരായ പ്രതിഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ ഹൈക്കോടതി നേരത്തെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
സിബിഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസാണ് കേസ് പരിഗണിക്കുന്നത്. വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി പ്രത്യേക കോടതിയെ നിയോഗിച്ചത്. പ്രതിഭാഗത്തിന്റെ പ്രാരംഭവാദം പൂര്‍ത്തിയായാല്‍ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ച് കുറ്റം ചുമത്തും. തുടര്‍ന്നാകും അന്തിമ വിചാരണ ആരംഭിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here