ഷെയ്ൻ നിഗത്തിന്റെ പരാതിയിൽ പ്രശ്‌ന പരിഹാരത്തിന് മുൻകൈയെടുത്ത് താരസംഘടന; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അംഗങ്ങളുമായി ഇടവേള ബാബു ഫോണിൽ സംസാരിച്ചു

നടൻ ഷെയ്ൻ നിഗത്തിന്റെ പരാതിയിൽ പ്രശ്‌ന പരിഹാരത്തിന് മുൻകൈയെടുത്ത് താരസംഘടനയായ എഎംഎംഎ. നിർമാതാക്കളുടെ സംഘടനാ നേതാക്കളുമായി എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബു ഫോണിൽ സംസാരിച്ചു. ഷെയ്ൻ നിഗത്തിനെ കൊണ്ട് നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. അതേസമയം ഷെയ്ൻ നിഗം 7 കോടി രൂപ നിർമാതക്കളുടെ സംഘടനയ്ക്ക് നൽകണമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും ഇടവേള ബാബു ആവശ്യപ്പെട്ടു.

നിർമാതക്കളുടെ വിലക്കിനെതിരെ ഷെയ്ൻ നിഗവും കുടുംബവും ഇന്നലെയാണ് താരസംഘടനയ്ക്ക് പരാതി നൽകിയത്. സ്വകാര്യ ആവശ്യത്തിനായി ഇപ്പോൾ സംസ്ഥാനത്തിന് പുറത്തുള്ള ഷെയ്ൻ നിഗം നാളെ നാട്ടിൽ തിരികെ എത്തിയ ശേഷം പ്രശ്‌ന പരിഹാര ചർച്ച നടത്താനാണ് അമ്മ ഭാരവാഹികളുടെ തീരുമാനം.

ഇതിനിടെ സർക്കാർ തീയറ്ററുകൾക്ക് റിലീസിംഗ് ചിത്രം ലഭിക്കാത്ത പ്രശ്‌നം പരിഹരിക്കാൻ മന്ത്രി തലത്തിൽ ഇന്ന് തിരുവനന്തപുരത്ത് യോഗം നടക്കും. എന്നാൽ സർക്കാർ വിളിച്ച് ചേർക്കുന്ന ഈ യോഗത്തിൽ നിർമാതാക്കളുടെ സംഘടന മാത്രമേ പങ്കെടുക്കൂ. ഫിലിം ചേംമ്പറും, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. ധനകാര്യ മന്ത്രിയും, നിയമ മന്ത്രിയും പങ്കെടുക്കുന്ന യോഗത്തിൽ സിനിമാ മേഖലയിൽ സർക്കാർ നിയന്ത്രണം നടപ്പിലാക്കാനുള്ള ഓർഡിനൻസും തയ്യാറാക്കും.

story highlights- Shane nigam,edavela babu, producers association, AMMA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top