കേരള കോണ്‍ഗ്രസ് എമ്മിലെ അധികാരത്തര്‍ക്കം: ശക്തി തെളിയിക്കാന്‍ ജോസ്, ജോസഫ് വിഭാഗങ്ങള്‍

അധികാര തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തി നില്‍ക്കെ പാര്‍ട്ടിയില്‍ ശക്തി തെളിയിക്കാനൊരുങ്ങി കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും. പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് പക്ഷത്തിന് തിരിച്ചടി ഉണ്ടായതിന് പിന്നാലെ ഇന്ന് വൈകിട്ട് കണ്‍വന്‍ഷനും ശക്തി പ്രകടനവും നടത്തിയാണ് പി ജെ ജോസഫ് കളം പിടിക്കാന്‍ ഒരുങ്ങുന്നത്.

മോന്‍സ് ജോസഫിന്റെ തട്ടകമായ കടുത്തുരുത്തിയില്‍ പൊതു സമ്മേളനം നടത്തിയാണ് ജോസ് കെ മാണിയുടെ പ്രതിരോധം. പിളര്‍പ്പിന് പിന്നാലെ പാര്‍ട്ടിയും രണ്ടില ചിഹ്നവും അവകാശപ്പെട്ടുള്ള തര്‍ക്കങ്ങള്‍ക്ക് ഇതുവരെ പരിഹാരമായിട്ടില്ല.

ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് കാട്ടി ഇരുപക്ഷവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കമ്മീഷന്‍ കൈക്കൊള്ളുന്ന നടപടി എന്തെന്നാണ് ജോസഫ് ജോസ് വിഭാഗങ്ങള്‍ ഉറ്റു നോക്കുന്നത്. ഇതിനിടെ ശക്തി തെളിയിച്ച് അണികളെ ഒപ്പം നിര്‍ത്താനാണ് ഇരുവിഭാഗത്തിന്റെയും ശ്രമം. ഇതിന്റെ ഭാഗമായിട്ട് ജോസഫ് വിഭാഗം ഇന്ന് പാലായില്‍ പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ നടത്തും.

ടൗണ്‍ ഹാളില്‍ നടത്തുന്ന കണ്‍വന്‍ഷനിലും ആയിരത്തോളം പേര്‍ പങ്കെടുക്കും. ജോസ് കെ മാണിയുടെ തട്ടകമായ പാലയില്‍ ശക്തിപ്രകടനവും നടത്താനാണ് പി ജെ ജോസഫിന്റെ പദ്ധതി. ഇതേ സമയം തന്നെ മോന്‍സ് ജോസഫിന്റെ തട്ടകമായ കടുത്തുരുത്തിയില്‍ പൊതു സമ്മേളനം നടത്തി മറുപടി ജോസ് കെ മാണി വിഭാഗം മറുപടി നല്‍കും. പ്രാദേശിക നേതാക്കള്‍ക്ക് ചുമതല നല്‍കി പരമാവധി അണികളെ ഇന്നത്തെ പരിപാടികളില്‍ എത്തിക്കാനാണ് ഇരുപക്ഷത്തിന്റെയും നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top