പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തന്‍ബര്‍ഗ് ടൈം ട്രാവലറോ, അമ്പരന്ന് സൈബര്‍ ലോകം

പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തന്‍ബര്‍ഗും 1898ല്‍ ജീവിച്ചിരുന്ന പെണ്‍കുട്ടിയുമായുള്ള അപൂര്‍വ്വ രൂപസാദൃശ്യം കണ്ടമ്പരന്ന് സൈബര്‍ ലോകം. വാഷിങ്ടന്‍ സര്‍വകലാശാലയുടെ ശേഖരത്തില്‍ നിന്ന് കണ്ടെടുത്ത തന്‍ബര്‍ഗിനോട് സാമ്യമുള്ള പെണ്‍കുട്ടിയുടെ പഴയ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

കാലാവസ്ഥാവ്യതിയാനത്തിനെതിരെ ഭരണകൂടം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗ്രെറ്റ തന്‍ബര്‍ഗുമായുള്ള രൂപസാദൃശ്യമാണ് 1898 ലെ ചിത്രം വാര്‍ത്തകളിലിടം പിടിക്കാനുള്ള കാരണം. സൈബര്‍ ലോകത്തെ അന്പരപ്പിക്കുന്ന രൂപസാദൃശ്യമാണ് ഗ്രെറ്റ തന്‍ബര്‍ഗും ചിത്രത്തിലെ പെണ്‍കുട്ടിയുമായുള്ളത്. സ്വര്‍ണ്ണഖനിയില്‍ പണിയെടുക്കുന്ന 3 കുട്ടികളാണ് പഴയചിത്രത്തിലുള്ളത്. അതിലൊരാള്‍ക്കാണ് ഗ്രെറ്റയുമായുള്ള രൂപസാദൃശ്യമുള്ളത്. കാനഡയിലെ യുകോന്‍ പ്രവിശ്യയില്‍ നിന്ന് ഡോക്യുമെന്ററി ഫോട്ടോഗ്രാഫറായ എറിക് ഹെഗ് പകര്‍ത്തിയതാണ് ചിത്രം. എന്നാല്‍ ചിത്രത്തിലുള്ളവരുടെ പേരോ വ്യക്തിപരമായ വിവരങ്ങളോ ലഭ്യമല്ല. വാഷിങ്ടന്‍ സര്‍വകലാശാലയുടെ ശേഖരത്തില്‍ നിന്നാണ് ചിത്രം ലഭിച്ചതെന്നാണ് വിവരം.

അതേസമയം ഈ ചിത്രം ഫോട്ടോഷോപ്പ് നിര്‍മ്മിതിയാണെന്നാണ് ആരോപണവും ഉയരുന്നുണ്ട്. 121 വര്‍ഷം മുമ്പുള്ള ചിത്രത്തിലെ കുട്ടിക്ക് ഈ നൂറ്റാണ്ടിലെ പെണ്‍കുട്ടിയുമായി ഇത്രയേറെ സാദൃശ്യം ഉണ്ടാകുക സാധ്യമല്ലെന്നും പലരും വാദിക്കുന്നുണ്ട്. ഗ്രെറ്റ ഒരു അവതാരമാണെന്ന വിചിത്ര വാദവുമായി രംഗത്തെത്തിയവരുമുണ്ട്.

ലോകമിന്നു നേരിടുന്ന ഭീഷണികളിലൊന്നായ കാലാവസ്ഥാ വ്യതിയാനത്തെ തടയാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത ഭരണകൂടത്തിനെതിരെ പഠിപ്പ് മുടക്കി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥിനിയാണ് ഗ്രെറ്റ തന്‍ബര്‍ഗ്. വെള്ളിയാഴ്ചകളെ പ്രതിഷേധ ദിനമാക്കി പ്ലക്കാര്‍ഡുകളുമായി ഗ്രെറ്റ തെരുവിലിറങ്ങി. പിന്നീട് ആ സമരം ലോകം ഏറ്റെടുത്തു. സ്വീഡിഷ് പാര്‍ലമെന്റിനു മുന്നില്‍ സ്‌കൂള്‍ ബാഗും ലഘുലേഖകളുമായി സമരം ചെയ്ത പെണ്‍കുട്ടിയെ പലരും ആദ്യം കളിയാക്കി. പക്ഷേ അവരോട് ഗ്രെറ്റ ചോദിച്ചത് ഇല്ലാത്ത ഭാവിക്കു വേണ്ടി ഞാന്‍ എന്തിനാണ് പഠിക്കുന്നതെന്നായിരുന്നു.

Story highlights- environmentalist Greta Thunberg, time travel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top