ദേവേന്ദ്ര ഫഡ്നാവിസിന്റെ അധികാര മോഹം മഹാരാഷ്ട്രയിലെ ബിജെപിയുടെ തോൽവിക്ക് കാരണം: ശിവസേന നേതാവ് സഞ്ജയ് റാവത്ത്

ബിജെപി നേതാവായ ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ശിവസേനയുടെ സഞ്ജയ് റാവത്ത്. ഫഡ്നവിസിന്റെ അധികാര മോഹവും ബാലിശ പരാമർശങ്ങളും കാരണമാണ് മഹാരാഷ്ടയിൽ ബിജെപി മുങ്ങിപ്പോയതെന്ന് റാവത്ത് ആരോപിക്കുന്നു. ശിവസേനാ മുഖപത്രമായ സാംനയിലൂടെയാണ് പ്രതികരണം. അമിത ആത്മവിശ്വാസവും ഡൽഹിയിലെ മുതിർന്ന നേതാക്കളെ കണ്ണടച്ചു വിശ്വാസിച്ചതും ഫഡ്നാവിസിന്റെ രാഷ്ട്രീയഭാവി തകർത്തെന്നും റാവത്ത്.
സംസ്ഥാനത്ത് പ്രതിപക്ഷമില്ലെന്നും ശരത് പവാർ യുഗം അവസാനിച്ചുവെന്നുമാണ് മുൻമുഖ്യമന്ത്രിയായ ഫഡ്നവിസ് തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നത്. എന്നാൽ അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പ്രതിപക്ഷ നേതാവായി മാറേണ്ടിവന്നെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
Read Also: ദേവേന്ദ്ര ഫഡ്നാവിസ് രാജിവച്ചു
‘മഹാ’ സഖ്യ രൂപവത്കരണം നേരത്തെയാക്കാൻ അജിത് പവാറിന്റെ നീക്കം സഹായിച്ചു. സഖ്യം യാത്ഥാർഥ്യമായത് ശരത് പവാർ മുൻകൈ എടുത്തതുകൊണ്ടാണ്. ശിവസേനയുമായി സംഖ്യം ചേരുന്നതിൽ കോൺഗ്രസ് സംശയിച്ചെങ്കിലും ശരത് പവാർ കാരണമാണ് മഹാവികാസ് അഘാഡിയുണ്ടായത്. സോണിയാ ഗാന്ധിയുമായി ചർച്ച നടത്തി കാര്യങ്ങൾ വേഗത്തിലാക്കിയത് എൻസിപി ദേശീയാധ്യക്ഷൻ ശരദ് പവാറാണെന്നും സഞ്ജയ് റാവത്ത് അവകാശപ്പെട്ടു.
ഡൽഹിയിലെ പോലെയുള്ള ‘ആൾക്കൂട്ട ഭരണം’ മഹാരാഷ്ട്രയിലെ ജനങ്ങൾ അംഗീകരിക്കില്ലെന്നും ശിവസേനാ തലവൻ ഉദ്ധവ് താക്കറെയും എൻസിപി നേതാവ് ശരത് പവാറും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഒന്നിച്ചെടുത്ത തീരുമാനം രാജ്യത്തിന് മുഴുവൻ സ്വീകാര്യമായെന്നും റാവത്ത്.
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ അധികാരത്തിലെത്തിയത് നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിനെ വെല്ലുവിളിച്ചാണ്. ഫഡ്നാവിസിനൊപ്പം അജിത് പവാർ പോയത് ശരത് പവാറിന്റെ അറിവോടെയാണെന്ന് ആരോപിച്ചവർ ഇപ്പോൾ അദ്ദേഹത്തിന് മുന്നിൽ തല കുനിക്കുകയാണെന്നും റാവത്ത് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here