മാധ്യമപ്രവർത്തകയുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തം; മാൾട്ട പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു

മാൾട്ട പ്രധാനമന്ത്രി ജോസഫ് മസ്‌ക്കറ്റ് രാജി പ്രഖ്യാപിച്ചു. മാധ്യമപ്രവർത്തക ഡാഫ്നെ കരുവാന ഗലീസിയയുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് രാജി. പുതുവർഷത്തിൽ താൻ സ്ഥാനമൊഴിയുകയാണെന്ന് ദേശീയ ടെലിവിഷനീലൂടെയാണ് ജോസഫ് മസ്‌ക്കറ്റ് പ്രഖ്യാപിച്ചത്
പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ഭരണകക്ഷിയായ ലേബർ പാർട്ടിയോട് ആവശ്യപ്പെടുമെന്നും ജോസഫ് മസ്‌ക്കറ്റ് വ്യക്തമാക്കി. ജനുവരി 12ന് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. മാധ്യമപ്രവർത്തകയുടെ കൊലപാതകത്തിൽ കുറ്റാരോപിതരെ സർക്കാർ സംരക്ഷിക്കുകയാണെന്നാരോപിച്ച് പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്.
പ്രശസ്ത കുറ്റാന്വേഷണ മാധ്യമപ്രവർത്തകയായ ഡാഫ്‌നെ, മാൾട്ടയിലെ രാഷ്ട്രീയ പ്രവർത്തകരും വ്യവസായികളും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നതിനിടെയാണ് കർബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു ബിസിനസുകാരനും കൊല്ലപ്പെട്ടിരുന്നു. യൂറോപ്യൻ യൂണിയനിലെ ഏറ്റവും ചെറിയ രാജ്യമായ മാൾട്ടയിൽ കഴിഞ്ഞ ആറു വർഷമായി ജോസഫ് മസ്‌ക്കറ്റാണ് പ്രധാനമന്ത്രി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here