ജെഎൻയു വിഷയം; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെമസ്റ്റർ പരീക്ഷ ബഹിഷ്‌കരിക്കുമെന്ന് വിദ്യാർത്ഥികൾ

ജെഎൻയു സമരത്തിൽ നിലപാട് കടുപ്പിച്ച് വിദ്യാർത്ഥികൾ. ആവശ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ സെമസ്റ്റർ പരീക്ഷ ബഹിഷ്‌കരിക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ചു. വിദ്യാർത്ഥി യൂണിയൻ വിളിച്ചു ചേർത്ത ജനറൽ ബോഡി മീറ്റിംഗിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്.
ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ 14 ഡിപ്പാർട്ട്‌മെന്റിലെ വിദ്യാർത്ഥികളാണ് ഈ മാസം 12 ന് ആരംഭിക്കുന്ന അവസാന സെമസ്റ്റർ പരീക്ഷ ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ ചേർന്ന ജനറൽ ബോഡി മീറ്റിംഗിലാണ് തീരുമാനമെടുത്തതെന്ന് വിദ്യാർത്ഥി യൂണിയൻ അറിയിച്ചു.
Read Also : ജെഎൻയുവിൽ അധ്യയനം ആരംഭിക്കാൻ അധ്യാപകർക്ക് സർവകലാശാലയുടെ നിർദേശം
പാഠ്യ പ്രവർത്തനങ്ങളുടെ ഭാഗമായ അസൈൻമെന്റുകളും പ്രൊജക്ടുകളും സമർപ്പിക്കില്ല.വരും ദിവസങ്ങളിൽ കൂടുതൽ ഡിപ്പാർട്ട്‌മെന്റുകളിലെ വിദ്യാർത്ഥികൾ ബഹിഷ്‌ക്കരണ പ്രഖ്യാപനം നടത്തും. പരീക്ഷ ബഹിഷ്‌കരിക്കുകയാണെങ്കിൽ യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമായിരിക്കും. നിലവിൽ യൂണിവേഴ്‌സിറ്റിയുമായി നിസ്സഹകരണത്തിലാണ് വിദ്യാർത്ഥി യൂണിയൻ. സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ശുപാർശകൾ പുറത്ത് വിടാത്തതിൽ കടുത്ത അമർഷത്തിലാണ് വിദ്യാർത്ഥികൾ.
ഈ ആഴ്ച്ച മാനവവിഭവ ശേഷി മന്ത്രാലയം വിദ്യാർത്ഥികളുമായി ചർച്ച നടത്താമെന്ന് പറഞ്ഞിരുന്നെങ്കിലും തീയതി ഇതുവരെ അറിയിച്ചിട്ടില്ല. ഹോസ്റ്റൽ ഫീസ് വർധനവ് പിൻവലിക്കുന്നത് ഉൾപെടെയുള്ള ആവശ്യങ്ങൾ ഉയർത്തിയുള്ള വിദ്യാർത്ഥി സമരം 35 ദിവസം പിന്നിട്ടിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here