ആഡംബര കാറുകളുടെ നികുതി വെട്ടിപ്പ്; സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ അനുമതി

ആഡംബര കാറുകളുടെ നികുതി വെട്ടിപ്പ് കേസിൽ നടനും, രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ അനുമതി. സുരേഷ് ഗോപി രണ്ട് ഓഡി കാറുകൾ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചതായി ക്രൈം ബ്രാഞ്ച് കണ്ടെത്തി. വഞ്ചന, വ്യാജ രേഖ ചമയ്ക്കൽ, മോട്ടോർ വാഹന നിയമലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രണ്ട് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും.
കേരളത്തിൽ നികുതി വെട്ടിക്കാൻ സുരേഷ് ഗോപി പുതുച്ചേരിയിൽ താമസിച്ചുവെന്ന് വ്യാജരേഖ ചമച്ചുവെന്നായിരുന്നു കേസ്.2010ലും 2017ലുമായി സുരേഷ് ഗോപി രണ്ട് ഔഡി കാറുകൾ വ്യാജവിലാസത്തിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. രണ്ട് കാറുകളിലുമായി 25 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് സുരേഷ് ഗോപി നടത്തിയത്.ഇതിന് ശേഷം ക്രൈംബ്രാഞ്ച് കേസെടുക്കുകയും സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. തുടർന്ന് രണ്ട് വർഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം തയ്യാറാക്കിയത്. ചൊവ്വാഴ്ച കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ.ജെ.തച്ചങ്കരി അനുമതി നൽകി.
വ്യാജരേഖ ചമക്കൽ, നികുതി വെട്ടിക്കാനായി മനഃപൂർവമായ ശ്രമങ്ങൾ നടത്തി സർക്കാരിന് നഷ്ടമുണ്ടാക്കൽ, വഞ്ചന എന്നീ കുറ്റങ്ങാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ പരമാവധി ഏഴുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ. മാത്രമല്ല കേസിൽ തനിക്ക് അനുകൂലമായി മൊഴി നൽകുന്നതിനായി വ്യാജ രേഖയ്ക്കായി ഉപയോഗിച്ച വിലാസത്തിലുള്ള പുതുച്ചേരിയിലെ ഫ്‌ളാറ്റിന്റെ ഉടമയെ സുരേഷ് ഗോപി സ്വാധീനിച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാകും കുറ്റപത്രം സമർപ്പിക്കുക.
Story Highlights : Suresh Gopi, Vehicle Registration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here