നാറ്റോ ഉച്ചകോടിക്കായി ട്രംപ് ലണ്ടനിൽ

നാറ്റോ സഖ്യത്തിന്റെ എഴുപതാം ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലണ്ടനിലെത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ട്രംപ് ലണ്ടനിലെത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച ആരംഭിക്കുന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഭാര്യ മെലാനിയ ട്രംപിനൊപ്പമാണ് ട്രംപ് ലണ്ടനിലെത്തിയത്. ബ്രിട്ടണിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ട്രംപിന്റെ ലണ്ടൻ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റിനുമുന്നോടിയായുള്ള പരസ്യ വിസ്താരം പുരോഗമിക്കുകയാണ്.
സഖ്യരാജ്യങ്ങൾ തമ്മിൽ കടുത്തഭിന്നത നിലനിൽക്കുന്നതിനിടെയാണ് ലോകത്തിലെ ഏറ്റവുംവലിയ മേഖലാപ്രതിരോധ സഖ്യമായ നാറ്റോ എഴുപതാം വർഷമാഘോഷിക്കുന്നത്. നേതാക്കൾ തമ്മിലുള്ള പോരാട്ടത്തിനും വാക് തർക്കത്തിനുമാകും ഇത്തവണത്തെ ഉച്ചകോടി സാക്ഷ്യം വഹിക്കുകയെന്നാണ് റിപ്പോർട്ടുകൾ. നാറ്റോ സഖ്യം മസ്തിഷ്‌ക മരണത്തിന്റെ വക്കിലാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനെ ശക്തമായി വിമർശിച്ച് ജർമൻ ചാൻസലർ ആംഗേല മെർക്കൽ രംഗത്തെത്തുകയും ചെയ്തു. സഖ്യത്തിലെ മറ്റുരാജ്യങ്ങൾ പ്രതിരോധബജറ്റിലേക്ക് കൂടുതൽ വിഹിതം നൽകണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് അമേരിക്ക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here