ചില പൊലീസ് ഉദ്യോഗസ്ഥര്‍ ശബരിമലയില്‍ സ്വയം തീരുമാനമെടുക്കുന്ന അതോറിറ്റിയായി മാറുന്നു: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല സ്‌പെഷ്യല്‍ ഓഫീസറായിരുന്ന രാഹുല്‍ ആര്‍ നായര്‍ക്കതിരെ രൂക്ഷവിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ ശബരിമലയില്‍ സ്വയം തീരുമാനമെടുക്കുന്ന അതോറിറ്റിയായി മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതികൂലമായ ഏകപക്ഷീയമായ നിലപാടാണ് ഇവരുടേത്. ദേവസ്വം ജീവനക്കാരെ ക്രിമിനലുകള്‍ എന്നു വിളിക്കുന്നത് അതിരു കടന്ന പ്രയോഗമാണെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കുന്നതില്‍ ക്രമിനല്‍ പശ്ചാത്തലമുള്ള ജീവനക്കാരുണ്ടെന്ന് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറായിരുന്ന എസ്പി രാഹുല്‍ ആര്‍ നായര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ ആര്‍ നായരെ രൂക്ഷമായി വിമര്‍ശിച്ചു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു രംഗത്തെത്തിയത്.
ശബരിമലയിലെ പൊലീസിന്റെ സേവനം വിലപ്പെട്ടതാണെങ്കിലും ചില പൊലീസ് ഉദ്യോഗസ്ഥര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നു. ശബരിമലയില്‍ സ്വയം അതോറിറ്റിയായി മാറാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഗാര്‍ഡുമാരെ സ്‌റ്റേഷനില്‍ കൊണ്ടുപോകുകയും ഒരാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ബോര്‍ഡിന്റെ ജീവനക്കാരനാകാന്‍ ഒരാള്‍ക്ക് അയോഗ്യതയില്ലെങ്കില്‍ അയാള്‍ക്ക് ശബരിമലയിലും ജോലി ചെയ്യാം. ഡിജിപി ഇക്കാര്യത്തില്‍ ബോര്‍ഡുമായി ചര്‍ച്ച നടത്തിയെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയെന്നും ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here