Advertisement

തൃപ്തി ദേശായി പൊലീസ് കസ്റ്റഡിയിൽ

December 4, 2019
2 minutes Read

തെലങ്കാനയിൽ യുവ മൃഗ ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിഷേധിച്ച ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് തൃപ്തി പ്രതിഷേധിച്ചത്. കേസിലെ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു തൃപ്തി ദേശായിയുടെ പ്രതിഷേധം.

മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കത്ത് നൽകണമെന്ന് തൃപ്തിയും സംഘവും ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇത് തടഞ്ഞു. മുൻ കൂട്ടി അനുമതി വാങ്ങണമെന്നും എന്നാൽ മാത്രമേ മുഖ്യമന്ത്രിയെ കാണാൻ സാധിക്കുകയുള്ളൂ എന്നും പറഞ്ഞാണ് സുരക്ഷാ ഉദ്യോഗസ്ഥർ സംഘത്തെ തടഞ്ഞത്.
ഇതിനുപിന്നാലെയാണ് തൃപ്തി ദേശായിയും സംഘവും മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇവരെ പിന്നീട് പൊലീസ് ബലംപ്രയോഗിച്ച് മാറ്റി. തുടർന്ന് തൃപ്തിയേയും സംഘത്തേയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Read also: ‘സ്ത്രീകൾ കോണ്ടം കൈവശം വയ്ക്കുക, അക്രമിയുമായി സഹകരിക്കുക’; ബലാത്സംഗത്തെ നിസാരവത്ക്കരിച്ച് സംവിധായകൻ; വ്യാപക വിമർശനം

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ പീഡനവും കൊലപാതകവും നടന്നത്. സംഭവ ദിവസം വൈകിട്ട് ആറേ കാലിനാണ് 26 കാരിയായ ഡോക്ടർ സ്‌കൂട്ടർ പാർക്ക് ചെയ്യുന്നത്. തുടർന്ന് രാത്രി 9 മണിക്കാണ് അവർ തിരിച്ചെത്തിയത്. ഇതിനിടെ യുവതിയെ കുടുക്കുന്നതിനായി സ്‌കൂട്ടറിന്റെ ടയർ പ്രതികൾ പഞ്ചറാക്കിയിരുന്നു. ടയർ നന്നാക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി ശിവ ഇവരെ സമീപിച്ചു. വിശ്വാസം നേടുന്നതിനായി സ്‌കൂട്ടർ കൊണ്ടുപോയ ശേഷം കട അടച്ചെന്ന് പറഞ്ഞ് തിരിച്ചെത്തി. ഇതിനിടെ യുവതി സംഭവം സഹോദരിയെ വിളിച്ച് അറിയിച്ചിരുന്നു.

നിമിഷങ്ങൾക്കുള്ളിൽ പ്രതികൾ ഇവരെ അടുത്തുള്ള വളപ്പിലേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. യുവതിയുടെ മുഖം മറച്ച ശേഷമാണ് പ്രതികൾ പീഡിപ്പിച്ചത്. 9.45ന് പ്രതികൾ ഡോക്ടറുടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു. 10.20ന് ഡോക്ടറെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തിൽ സൂക്ഷിച്ചു. 10.28ന് പ്രതികൾ സംഭവസ്ഥലത്തുനിന്ന് പോയി. സ്‌കൂട്ടറിൽ പോയ ആരിഫും നവീനും നമ്പർ പ്ലെയിറ്റ് മാറ്റിയ ശേഷം കൊതൂർ വില്ലേജിൽ വാഹനം ഉപേക്ഷിച്ചു. മറ്റു രണ്ടു പേർ ലോറിയിലാണു പോയത്. തുടർന്ന് പെട്രോൾ വാങ്ങിവന്ന ശേഷം 2.30 ഓടെ മൃതദേഹം കത്തിച്ചു. ലോറിയിലുണ്ടായിരുന്ന ഇഷ്ടിക അത്താപുരിൽ ഇറക്കിയ ശേഷം പ്രതികൾ മടങ്ങുകയും ചെയ്തു.

Read also: നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ തയ്യാർ; ആരാച്ചാരായി നിയമിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്

പൊലീസ് വേണ്ട ഇടപെടൽ നടത്തിയില്ലെന്ന പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന ആവശ്യമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നിരിക്കുന്നത്.

Story highlights- telengana rape case, gang rape, veterinary doctor, Four accuses, tripti desai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top