ഗോകുലം കേരളയുടെ മത്സരങ്ങൾ ഇനി ട്വൻ്റിഫോറിൽ തത്സമയം

കേരളത്തിൻ്റെ സ്വന്തം ഐ-ലീഗ് ക്ലബ് ഗോകുലം കേരള എഫ്സിയുടെ മത്സരങ്ങൾ ഇനി മുതൽ ട്വൻ്റിഫോറിൽ തത്സമയം കാണാം. ഇക്കാര്യത്തിൽ ഐ-ലീഗ് ഔദ്യോഗിക സംപ്രേഷകരായ ഡി സ്പോർട്സുമായി ട്വൻ്റിഫോർ ധാരണയായിട്ടുണ്ട്. നേരത്തെ ഗോകുലത്തിൻ്റെ കഴിഞ്ഞ മത്സരം ഡി സ്പോർട്സ് സംപ്രേഷണം ചെയ്തിരുന്നില്ല. അതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
19 മത്സരങ്ങളിലേക്കാണ് ട്വൻ്റിഫോറിൻ്റെ കരാർ. ഗോകുലം എഫ്സിയുടെ സിഇഓ വിസി പ്രവീൺ ഇക്കാര്യം സ്ഥിരീകരിച്ചു. ഉച്ച തിരിഞ്ഞു രണ്ട് മണിക്കും വൈകുന്നേരം അഞ്ചു മണിക്കും രാത്രി ഏഴു മണിക്കുമൊക്കെ ഗോകുലത്തിന് മത്സരങ്ങളുണ്ട്. നാളെ (വെള്ളിയാഴ്ച) വൈകിട്ട് അഞ്ചു മണിക്കാണ് ട്വൻ്റിഫോർ സംപ്രേഷണം ചെയ്യുന്ന ഗോകുലത്തിൻ്റെ ആദ്യ മത്സരം. ഇന്ത്യൻ ആരോസിനെതിരെ അവരുടെ തട്ടകമായ തിലക് മൈതാനിലാണ് പോരാട്ടം, നെറോക്കക്കെതിരെ കോഴിക്കോട് നടന്ന മത്സരത്തിൽ ഗോകുലം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു.
കഴിഞ്ഞ സീസണിൽ ഗോകുലത്തിൻ്റെ കളികൾ ഫ്ലവേഴ്സ് ചാനൽ ലൈവായി സംപ്രേഷണം ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here