Advertisement

എല്ലാ സ്‌കൂളുകളിലും ഹൈടെക് ക്ലാസ് റൂം; രണ്ടാം ഘട്ടം പൂര്‍ത്തിയായി; മുഖ്യമന്ത്രി

December 5, 2019
0 minutes Read

എല്ലാ സ്‌കൂളുകളിലും ഹൈടെക് ക്ലാസ് റൂം ഒരുക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തീകരണത്തിലേക്ക് എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളുള്ള 9,941 സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതി പൂര്‍ത്തിയായതായി മുഖ്യമന്ത്രി അറിയിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ക്ലാസ്‌റൂമുകള്‍ ഹൈടെക് ആക്കി മാറ്റുന്ന പദ്ധതിക്ക് രൂപം നല്‍കിയത്. ഹൈസ്‌കൂള്‍ തലത്തില്‍ ക്ലാസ്‌റൂമുകള്‍ ഹൈടെക് ആക്കാനും പ്രൈമറി തലത്തില്‍ പ്രത്യേകമായി ഹൈടെക് ലാബുകള്‍ സ്ഥാപിക്കാനുമായിരുന്നു പദ്ധതി.

കിഫ്ബിയില്‍ നിന്നും 562 കോടി രൂപയാണ് ഹൈടെക് ക്ലാസ്‌റൂം, ഹൈടെക് ലാബ് പദ്ധതികള്‍ക്ക് ഇതുവരെ ചെലവഴിച്ചത്. ഹൈടെക് ക്ലാസ്‌റൂം പദ്ധതിയുടെ ഭാഗമായി മുഴുവന്‍ അധ്യാപകര്‍ക്കും പ്രത്യേക ഐടി പരിശീലനം നല്‍കിയിട്ടുണ്ട്. പാഠഭാഗങ്ങള്‍ ക്ലാസ്മുറിയില്‍ ഡിജിറ്റല്‍ സംവിധാനമുപയോഗിച്ച് ഫലപ്രദമായി വിനിമയം നടത്താനായി സമഗ്ര പോര്‍ട്ടലും സജ്ജമാക്കി.
ഇതോടൊപ്പം സ്‌കൂളുകളുടെ നിലവാരം അടിസ്ഥാന സൗകര്യം ഉയര്‍ത്താനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്.

അഞ്ച് കോടി, മൂന്ന് കോടി, ഒരു കോടി രൂപ എന്നിങ്ങനെ ചെലവഴിച്ച് 966 സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതിയാണ് പുരോഗമിക്കുന്നത്. കിഫ്ബി വഴി തന്നെയാണ് ഈ പദ്ധതിയും നടപ്പിലാക്കുന്നത്. ഈ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ സ്‌കൂളുകളുടെ ഭൗതികസാഹചര്യങ്ങള്‍ കൂടി മെച്ചപ്പെടുത്താനാകും. 4,752 സ്‌കൂളുകളിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ 45,000 ക്ലാസ് മുറികള്‍ ആദ്യഘട്ടത്തില്‍ ഹൈടെക്കായി മാറിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top