‘മകനെ ഓർത്ത് ലജ്ജിക്കുന്നു’; സ്ത്രീകൾ ബലാത്സംഗം ചെയ്യുന്നവരുമായി സഹകരിക്കണമെന്ന് പറഞ്ഞ സംവിധായകന്റെ അമ്മ

സ്ത്രീകൾ കൈയിൽ കോണ്ടം കരുതണമെന്നും ബലാത്സംഗം ചെയ്യുന്നവരുമായി സഹകരിക്കണമെന്നും പറഞ്ഞ തെലുങ്ക് സംവിധായകൻ ഡാനിയേൽ ശ്രാവണെതിരെ അമ്മ. മകനെയോർത്ത് ലജ്ജിക്കുന്നുവെന്നും സ്ത്രീകളെ അവഹേളിക്കുന്ന പരാമർശം നടത്തിയതിന് ഡാനിയേൽ എല്ലാ സ്ത്രീകളോടും മാപ്പ് പറയണമെന്നും അമ്മ പറയുന്നു. വിവാദ പരാമർശം ശ്രദ്ധയിൽപ്പെടുത്തിയ ഒരു സംഘം സ്ത്രീകളോടായിരുന്നു പ്രതികരണം. ഇതിന്റെ
വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.
സ്ത്രീകൾ കോണ്ടം കൈവശം കരുതണമെന്നും ബലാത്സംഗം ചെയ്യുന്നവരുമായി സഹകരിച്ചാൽ അക്രമം ഒഴിവാക്കാമെന്നുമായിരുന്നു ഡാനിയേലിന്റെ പ്രതികരണം. അക്രമമില്ലാത്ത ബലാത്സംഗം സർക്കാർ പ്രോത്സാഹിപ്പിക്കണമെന്നും ഇതിന് വേണ്ടി പ്രത്യേകം പദ്ധതി കൊണ്ടുവരേണ്ടതുണ്ടെന്നും ഇയാൾ അഭിപ്രായപ്പെട്ടിരുന്നു. തെലങ്കാനയിൽ യുവ വെറ്ററിനറി ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കവെയാണ് ഡാനിയേൽ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ബലാത്സംഗം നേരിടാൻ സ്ത്രീകൾ കൈക്കൊള്ളേണ്ട മുൻ കരുതലുകൾ എന്ന മുഖവരയോടെയായിരുന്നു ഡാനിയേലിന്റെ ഫേസ്ബുക്ക് കുറിപ്പ്. ബലാത്സംഗം വലിയ കാര്യമല്ലെന്നും അതിന് ശേഷമുള്ള കൊലപാതകം ഒഴിവാക്കേണ്ടതാണെന്നും ഡാനിയേൽ പറഞ്ഞിരുന്നു. ബലാത്സംഗവും കൊലപാതകവും ആവർത്തിക്കാനുള്ള പ്രധാനകാരണക്കാർ സമൂഹവും വനിതാ സംഘടനകളുമാണ്. ബലാത്സംഗം ചെയ്യുന്നവർക്ക് നിയമം ഇളവ് നൽകിയാൽ കൊലപാതകമുണ്ടാകില്ല. ബലാത്സംഗം ചെയ്യുന്നവരെ സമൂഹവും കോടതിയും വെറുതെ വിടണം. അങ്ങനെയാണെങ്കിൽ കൊലപാതകത്തിൽ നിന്ന് സ്ത്രീകൾക്ക് രക്ഷപ്പെടാം. അക്രമമില്ലാത്ത ബലാത്സംഗം സർക്കാർ നിയമവിധേയമാക്കണം. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള പെൺകുട്ടികളെ ബലാത്സംഗത്തെക്കുറിച്ച് ബോധവത്ക്കരിക്കണം. പെൺകുട്ടികൾ പുരുഷൻമാരുടെ ലൈംഗികാഭിലാഷത്തെ വിലക്കാൻ പാടില്ല.
ബലാത്സംഗത്തിൽ നിന്ന് രക്ഷപ്പെടേണ്ടത് പെൺകുട്ടികളുടെ ഉത്തരവാദിത്തമാണെന്നും ഡാനിയേൽ ശ്രാവൺ അഭിപ്രായപ്പെട്ടു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
Story highlights- daniel shraven, telengana, gang rape, director
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here