സിപിഐഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. കോടിയേരി ചികിത്സക്ക് പോയാലും പകരം ആര്‍ക്കും ചുമതല നല്‍കേണ്ടതില്ലെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. അത്തരം സാഹചര്യമുണ്ടായാല്‍ പാര്‍ട്ടി സെന്റര്‍ കൂട്ടായി സെക്രട്ടറിയുടെ ചുമതലകള്‍ നിര്‍വഹിക്കും.
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് കോടിയേരി സെക്രട്ടറിയായുള്ള നിലവിലെ സംവിധാനം തുടരാന്‍ സിപിഐഎം തീരുമാനിച്ചത്.

ആറുമാസം അവധിയില്‍ പ്രവേശിക്കാനും താത്കാലികമായി ചുമതല കൈമാറാനും നേതൃതലത്തില്‍ ധാരണയായിരുന്നെങ്കിലും മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയതോടെ പിന്‍വാങ്ങുകയായിരുന്നു. വാര്‍ത്തകള്‍ നിഷേധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റും സീതാറാം യെച്ചൂരിയും രംഗത്തെത്തുകയും ചെയ്തു. കോടിയേരി തുടരുകയും അദ്ദേഹത്തിന്റെ അഭാവത്തില്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യാനാണ് ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിലെ ധാരണ.

നാട്ടിലും വിദേശത്തുമായി നടക്കുന്ന കോടിയേരിയുടെ ചികിത്സ തുടരുമെന്നും എം വി ഗോവിന്ദന്‍ അറിയിച്ചു. കോടിയേരിക്ക് പകരം ചുമതല ചര്‍ച്ചയില്‍ വന്നിട്ടേയില്ലെന്നായിരുന്നു മന്ത്രി എം എം മണിയുടെ പ്രതികരണം. ആരോഗ്യകാരണങ്ങളാല്‍ കഴിഞ്ഞ ഒന്നരമാസമായി സജീവപാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് കോടിയേരി വിട്ടുനില്‍ക്കുകയായിരുന്നു.

ഈ മാസം 19 മുതല്‍ ചേരുന്ന സംസ്ഥാന സമിതിക്ക് ശേഷമായിരിക്കും തുടര്‍ചികിത്സയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അവധിയെടുക്കലും താത്കാലിക ചുമതല കൈമാറലും ഈ യോഗങ്ങളുടെ പരിഗണനയില്‍ വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More