സൗദിയിൽ തൊഴിൽ കോടതിവഴി നാൽപതിനായിരത്തിലധികം കേസുകൾ തീർപ്പായതായി സൗദി നിയമമന്ത്രാലയം

സൗദി അറേബ്യയിൽ തൊഴിൽ കോടതി വഴി നാൽപതിനായിരത്തിലധികം കേസുകൾ തീർപ്പായതായി സൗദി നിയമമന്ത്രാലയം. കഴിഞ്ഞ ഒരു വർഷത്തെ കണക്കാണിത്. ഏഴ് തൊഴിൽ കോടതികളാണ് നിലവിൽ ഉള്ളത്.
തൊഴിൽ കേസുകൾ തീർപ്പാക്കാനായി മാത്രം കഴിഞ്ഞ വർഷമാണ് സൗദിയിൽ തൊഴിൽ കോടതികൾ സ്ഥാപിച്ചത്. വിവിധ കേസുകളായി ഒരു ലക്ഷത്തി എഴുപതിനായിരത്തോളം സിറ്റിംഗുകൾ ഈ കാലയളവിൽ നടത്തി. ഓരോ കേസും 23 ദിവസത്തിലുള്ളിൽ ഈ കോടതികൾ വഴി നടപ്പാക്കി. രാജ്യത്തെ ഏഴ് തൊഴിൽ കോടതികൾക്ക് പുറമേ മറ്റ് കോടതികളിലും തൊഴിൽ കേസുകൾ പരിഹരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
രാജ്യത്തെ നിക്ഷേപകരുടെയും തൊഴിൽ ഉടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും വേണ്ടിയാണ് തൊഴിൽ കോടതികൾ സ്ഥാപിച്ചതെന്ന് നിയമമന്ത്രി വലീദ് മുഹമ്മദ് അൽ സമാനി പറഞ്ഞു. മാത്രമല്ല, രാജ്യത്ത് നിക്ഷേപ സൗഹൃദ സാഹചര്യം ഒരുക്കാനും ഇതിലൂടെ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലേബർ ഓഫീസിൽ എത്തുന്ന കേസുകൾ 21 ദിവസത്തിനകം സമവായത്തിനെത്തിയില്ലെങ്കിൽ കോടതിക്ക് കൈമാറുകയാണ് ഇപ്പോൾ ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here