ഹൈദരാബാദ് പീഡനം; പൊലീസ് വെടിവച്ചു കൊന്ന പ്രതികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച വരെ മറവു ചെയ്യരുതെന്ന് ഹൈക്കോടതി

പൊലീസ് വെടിവച്ചു കൊന്ന പ്രതികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച വരെ മറവു ചെയ്യരുതെന്ന് തെലങ്കാന ഹൈക്കോടതി. സാമൂഹ്യ പ്രവർത്തകർ നൽകിയ ഹർജിയിലാണ് നടപടി.
ഇന്ന് രാവിലെയാണ് ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെയും പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയെന്ന വാർത്ത പുറത്തുവരുന്നത്. കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തെളിവെടുപ്പിനിടെ പ്രതികൾ പൊലീസിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് പുലർച്ചെ 3.30ഓടെയാണ് സംഭവം.
യുവതിയെ തീവച്ചുകൊന്ന ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെയാണ് വെടിവച്ചുകൊന്നത്. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്‌നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Also : ഹൈദരാബാദ് ബലാത്സംഗ കേസിലെ നാല് പ്രതികളെയും പൊലീസ് വെടിവച്ചുകൊന്നു
നവംബർ 28ന് പുലർച്ചെയാണ് നാടിനെ നടുക്കിയ പീഡനവും കൊലപാതകവും നടന്നത്. സംഭവ ദിവസം വൈകിട്ട് ആറേ കാലിനാണ് 26 കാരിയായ ഡോക്ടർ സ്‌കൂട്ടർ പാർക്ക് ചെയ്യുന്നത്. തുടർന്ന് രാത്രി ഒമ്പത് മണിക്കാണ് അവർ തിരിച്ചെത്തിയത്. ഇതിനിടെ യുവതിയെ കുടുക്കുന്നതിനായി സ്‌കൂട്ടറിന്റെ ടയർ പ്രതികൾ പഞ്ചറാക്കിയിരുന്നു. ടയർ നന്നാക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി ശിവ ഇവരെ സമീപിച്ചു. വിശ്വാസം നേടുന്നതിനായി സ്‌കൂട്ടർ കൊണ്ടുപോയ ശേഷം കട അടച്ചെന്ന് പറഞ്ഞ് തിരിച്ചെത്തി. ഇതിനിടെ യുവതി സംഭവം സഹോദരിയെ വിളിച്ച് വിവരം അറിയിച്ചിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ പ്രതികൾ ഇവരെ അടുത്തുള്ള വളപ്പിലേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. യുവതിയുടെ മുഖം മറച്ച ശേഷമാണ് പ്രതികൾ പീഡിപ്പിച്ചത്. 9.45ന് പ്രതികൾ ഡോക്ടറുടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു. 10.20ന് ഡോക്ടറെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തിൽ സൂക്ഷിച്ചു. 10.28ന് പ്രതികൾ സംഭവസ്ഥലത്തുനിന്ന് പോയി. സ്‌കൂട്ടറിൽ പോയ ആരിഫും നവീനും നമ്പർ പ്ലെയിറ്റ് മാറ്റിയ ശേഷം കൊതൂർ വില്ലേജിൽ വാഹനം ഉപേക്ഷിച്ചു. മറ്റു രണ്ടു പേർ ലോറിയിലാണു പോയത്. തുടർന്ന് പെട്രോൾ വാങ്ങിവന്ന ശേഷം 2.30 ഓടെ മൃതദേഹം കത്തിച്ചു. ലോറിയിലുണ്ടായിരുന്ന ഇഷ്ടിക അത്താപുരിൽ ഇറക്കിയ ശേഷം പ്രതികൾ മടങ്ങുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here