Advertisement

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; മത്സരിക്കാൻ നോമിനേഷൻ നൽകുന്നില്ലെന്ന് ഹൈബി ഈഡൻ

December 6, 2019
Google News 1 minute Read

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നോമിനേഷൻ നൽകുന്നില്ലെന്ന് ഹൈബി ഈഡൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

‘യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള യോഗ്യത പട്ടികയിൽ എന്റെ പേര് ഉൾപ്പെട്ടിട്ടുള്ളത് സംഘടനയുടെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരമുള്ള ഒരു പ്രക്രിയ മാത്രമാണ്. തിരഞ്ഞെടുപ്പിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രായപരിധിക്കുള്ളിലായതിനാലും സംഘടനയിൽ നിരവധി സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളത് കണക്കിലെടുത്തുമാണ് മാനദണ്ഡപ്രകാരമുള്ള ലിസ്റ്റ്. ആ പെർഫോർമേഴ്‌സ് ലിസ്റ്റിൽ ഉള്ളവർക്ക് മാത്രമേ സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുവാൻ കഴിയുകയുള്ളു എന്ന് മാത്രമാണ് അത് കൊണ്ട് അർത്ഥമാക്കുന്നത്.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ എന്റെ നിലപാട് കഴിഞ്ഞ വർഷം ഈ പ്രക്രിയ തുടങ്ങിയപ്പോൾ തന്നെ ഞാൻ വ്യക്തമാക്കിയിരുന്നു. അന്ന് എം.എൽ.എ.യായിരുന്നെങ്കിൽ ഇന്ന് കൂടുതൽ ഉത്തരവാദിത്വമുള്ള എം.പി.യാണ്. സംഘടനയുടെ തലപ്പത്ത് പുതിയ നേതൃത്വത്തിന് അവസരം ഉണ്ടാക്കാൻ സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്ന എന്റെ മുൻ നിലപാടിൽ ഉറച്ചു നിൽക്കുന്നു. ഈ പ്രസ്ഥാനം ചെറുപ്രായത്തിൽ തന്നെ എനിക്ക് ഏറെ അവസരങ്ങൾ നൽകിയിട്ടുണ്ട്. കെ.എസ്.യു. ജില്ലാ ഘടകത്തിന്റെയും സംസ്ഥാന ഘടകത്തിന്റെയും പ്രസിഡന്റ്, എൻ.എസ്.യു. ദേശീയ അധ്യക്ഷൻ, രണ്ടു വട്ടം എം.എൽ.എ., എം.പി. തുടങ്ങി ലഭിച്ച അംഗീകാരങ്ങൾ മുഴുവൻ പാർട്ടിയിൽ ലഭിച്ച അവസരങ്ങൾ കൊണ്ടായിരുന്നു. പുതിയ യുവാക്കൾക്ക് ഈ അവസരങ്ങൾ ലഭിച്ചെങ്കിൽ മാത്രമെ പുതിയ നേതൃത്വം ഉയർന്നു വരികയുള്ളു. കെ.എസ്.യു., യൂത്ത് കോൺഗ്രസ് സംഘടനാ തലത്തിൽ കഴിവ് തെളിയിച്ച നിരവധി ചെറുപ്പക്കാർക്ക് കൂടി ഈ പട്ടികയിൽ ഇടം നൽകി അവസരങ്ങൾ നൽകേണ്ടതായിരുന്നു എന്ന അഭിപ്രായവും എനിക്കുണ്ട്.

അതിനാൽ ഈ സംഘടനാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കാൻ നോമിനേഷൻ നൽകുന്നില്ല എന്ന നിലപാട് ഒരിക്കൽ കൂടി ആവർത്തിക്കുന്നു. തിരഞ്ഞെടുപ്പല്ലാതെ സമവായം ആണെങ്കിലും എന്റെ പേര് പരിഗണിക്കേണ്ടതില്ല.’ -ഹൈബി ഫേസ്ബുക്കിൽ കുറിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യരായ പത്തുപേരുടെ പട്ടിക കേന്ദ്ര നേതൃത്വം പ്രസിദ്ധീകരിച്ചിരുന്നു. പട്ടികയിൽ എംപിമാരായ ഹൈബി ഈഡൻ, രമ്യാഹരിദാസ്, എം എൽഎമാരായ ഷാഫി പറമ്പിൽ, കെ എസ് ശബരീനാഥൻ എന്നിവരും ഇടം നേടിയിട്ടുണ്ട്. എ, ഐ ഗ്രൂപ്പുകൾ മുന്നോട്ടുവച്ചത് ഷാഫിയുടെയും ശബരിയുടെയും പേരുകളാണ്. എന്നാൽ, അതിന് പുറമേയാണ് കേന്ദ്രനേതൃത്വം എംപിമാരെ കൂടി ഉൾപ്പെടുത്തിയത്. എൻ എസ് നുസൂർ, റിയാസ് മുക്കോളി, വിദ്യാബാലകൃഷ്ണൻ, റിജിൽ മാക്കുറ്റി, എസ് എൻ പ്രേംരാജ്, എസ് എം ബാലു എന്നിവരാണ് പട്ടികയിലെ മറ്റു പേരുകാർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here