കൊല്ലത്ത് പതിനേഴുകാരിക്ക് പീഡനം; അമ്മാവന്റെ ഭാര്യ അടക്കം നാല് പേർ പിടിയിൽ

കൊല്ലത്ത് പതിനേഴുകാരിക്ക് പീഡനം. കുളിമുറി രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പെൺകുട്ടിയുടെ അമ്മാവന്റെ ഭാര്യയും ലോഡ്ജ് നടത്തിപ്പുകാരുമുൾപ്പെടെ നാല് പേർ പിടിയിലായി.

കൊല്ലം നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കെന്ന് പറഞ്ഞാണ് കുരീപ്പുഴ സ്വദേശിയായ പതിനേഴുകാരി പതിവായി വീട്ടിൽ നിന്നിറങ്ങിയിരുന്നത്. കഴിഞ്ഞ മാസം ഒൻപതിന് ജോലിക്കായി പോയ പെൺകുട്ടി രാത്രി വൈകിയും മടങ്ങിയെത്തിയില്ല. തുടർന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരത്ത് നിന്ന് പിടികൂടിയെന്ന് പറഞ്ഞ് പിറ്റേന്ന് രാവിലെ അമ്മാവന്റെ ഭാര്യ പെൺകുട്ടിയുമായി വീട്ടിലെത്തി.

പിന്നീട് പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ പെൺകുട്ടിയെ ഒരു മതസ്ഥാപനത്തിലാക്കി. അവിടെവച്ച് നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. ചൈൽഡ് ലൈൻ പ്രവർത്തകർ വിഷയം കോടതിയെ അറിയിച്ചു. കോടതിയുടെ നിർദേശ പ്രകാരം സിറ്റി പൊലീസ് കമ്മീഷണർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

കുളിമുറി രംഗങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് അമ്മാവന്റ ഭാര്യ തന്നെ പലർക്കും കാഴ്ചവച്ചതെന്ന് പെൺകുട്ടി മൊഴി നൽകി. കരുനാഗപ്പള്ളി സിൽവർ പ്ലാസ എന്ന ലോഡ്ജായിരുന്നു ഇവരുടെ താവളം. തിരുവനന്തപുരത്തെ പല ഹോംസ്റ്റേകളിൽവച്ചും പീഡനം നടന്നതായി പൊലീസ് പറഞ്ഞു.

പ്രദീപ്, റിനു, നജീബ് എന്നീ ലോഡ്ജ് നടത്തിപ്പുകാരെയും അമ്മാവന്റെ ഭാര്യയെയുമാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വിവിധ ഇടങ്ങളിൽവച്ച് പീഡിപ്പിച്ച പത്തോളം പേർക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ ഉപയോഗിച്ച് ഇവർ ലക്ഷങ്ങൾ തട്ടിയതായും പൊലീസ് പറഞ്ഞു.

story highlights- rape, kollam, uncle’s wifeനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More