പ്രണയം നിരസിച്ചതിന് ആസിഡ് ആക്രമണം; സംസ്ഥാനത്തെ ആദ്യ ആസിഡ് ആക്രമണത്തിന്റെ ഇര റിൻസി ഇന്നും ദുരിതത്തിൽ

കേന്ദ്രം കൊണ്ടുവന്ന നിയമ ഭേദഗതിക്ക് ശേഷം സംസ്ഥാനത്ത് ആദ്യമായി ആസിഡ് ആക്രമണത്തിനിരയായ കണ്ണൂർ പരിയാരം സ്വദേശിനി റിൻസിയുടേയും മകന്റെയും ജീവിതം ഇപ്പോഴും ദുരിതത്തിൽ. മുഖത്ത് പൊള്ളലേറ്റതിന് പുറമെ ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടതോടെ റിൻസിക്ക് ഇപ്പോൾ യാതൊരു വരുമാനമാർഗ്ഗവുമില്ല. ചികിത്സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുകയാണ് റിൻസിയും മാനസികാസ്വാസ്ഥ്യമുള്ള മകനും.
2015ലെ ക്രിസ്മസ് രാത്രിയിലാണ് റിൻസിയുടെ ജീവിതം മാറ്റിമറിക്കുന്ന സംഭവം അരങ്ങേറുന്നത്. മാനസികാസ്വാസ്ഥ്യമുള്ള ഏഴ് വയസുകാരൻ മകനെയും തോളിലേറ്റി പാതിരാ കുർബാന കഴിഞ്ഞ് പള്ളിയിൽ നിന്നും മടങ്ങുകയായിരുന്നു റിൻസി. സാന്താക്ലോസ് വേഷത്തിലെത്തിയ ജെയിംസ് റിൻസിക്ക് നേരെ ആസിഡ് ഒഴിച്ച് ഇരുട്ടിൽ ഓടി മറയുകയായിരുന്നു. ജീവൻ രക്ഷപ്പെട്ടെങ്കിലും മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ റിൻസിയുടെ വലതുകണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. മകനും പൊള്ളലേറ്റു. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യമായിരുന്നു ജയിംസിന്. മാസങ്ങൾക്ക് മുമ്പാണ് പ്രതിയെ 12 വർഷം കഠിന തടവിന് കോടതി ശിക്ഷിച്ചത്. പക്ഷെ അതൊന്നും നാല് വർഷം മുൻപ് റിൻസിക്കുണ്ടായ നഷ്ടങ്ങൾ പരിഹരിക്കില്ല.
മാസം പതിനയ്യായിരം രൂപയെങ്കിലും വേണം ഇരുവരുടേയും ചികിത്സയ്ക്ക്. ഒരു വർഷം മുമ്പ് പരിയാരം മെഡിക്കൽ കോളേജിൽ ലഭിച്ച താൽക്കാലിക ജോലി ആരോഗ്യ കാരണങ്ങളാൽ ഉപേക്ഷിക്കേണ്ടി വന്നു. നഷ്ടപരിഹാരം പോലും ഇതുവരെ ലഭിച്ചിട്ടില്ല.
Story Highlights – Acid Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here