Advertisement

പതിന്മടങ്ങ് ഊര്‍ജവുമായാണ് മല ഇറങ്ങിയത്; ശബരിമല ദര്‍ശനത്തിന്റെ അനുഭവം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

December 10, 2019
Google News 0 minutes Read

ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ അനുഭവം പങ്കുവച്ച് നടന്‍ ഉണ്ണിമുകുന്ദന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ശബരിമല ദര്‍ശനത്തിനു ശേഷം പതിന്മടങ്ങ് ഊര്‍ജവുമായാണ് മല ഇറങ്ങിയതെന്ന് ഉണ്ണി മുകുന്ദന്‍ കുറിച്ചത്. പലതവണ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും മനഃസംതൃപ്തിയും പോസിറ്റീവ് എനര്‍ജിയും കിട്ടിയ ഒരു ദര്‍ശനം മുന്‍പ് ഉണ്ടായിട്ടില്ല. അയ്യന്റെ സന്നിധിയില്‍ നിന്ന് ലഭിച്ച ഈ ഊര്‍ജം തുടര്‍ന്നുള്ള യാത്രയില്‍ പ്രതിഫലിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പ്

ഇന്നലെ ശബരിമല ദര്‍ശനം നടത്തിയപ്പോളുണ്ടായ അനുഭവത്തെപ്പറ്റി രണ്ട് വാക്ക് എഴുതണമെന്ന് തോന്നി. പലതവണ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും മനഃസംതൃപ്തിയും പോസിറ്റീവ് എനര്‍ജിയും കിട്ടിയ ഒരു ദര്‍ശനം മുന്‍പ് ഉണ്ടായിട്ടില്ല.

മേപ്പടിയാന്റെ പൂജ ദിവസം മാലയിട്ടു, ഇന്നലെയാണ് മല ചവിട്ടിയത്, സാമാന്യം നല്ല തിരക്കുമുണ്ടായിരുന്നു മുന്‍ വര്‍ഷങ്ങളെക്കാള്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് അറിയാന്‍ സാധിച്ചു. മല കയറുമ്പോള്‍ തന്നെ നിരവധി അംഗവൈകല്യം ബാധിച്ചവരെയും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരെയും കണ്ടു പക്ഷേ എല്ലാവരുടെയും മുഖത്ത് അയ്യനെ കാണാനുള്ള ഒരു ജിജ്ഞാസ മാത്രമാണ് പ്രകടമായിരുന്നത്.

മറ്റൊരു ബുദ്ധിമുട്ടുകളും അവരെ അലട്ടിയിരുന്നില്ല. അതിനുശേഷമാണ് കണ്ണ് നിറഞ്ഞ ഒരു അനുഭവം ഉണ്ടായത്.
ശ്രീകോവിലിന്റെ മുന്‍പില്‍ ഹരിവരാസനം കണ്ട് തൊഴാനായി കാത്തു നില്‍ക്കുമ്പോള്‍ നീലി മലയും കരി മലയും അപ്പാച്ചിമേടും താണ്ടി മണിക്കൂറുകള്‍ ക്യുവില്‍ നിന്ന് ശ്രീകോവില്‍ നടയിലെത്തുമ്പോള്‍ അയ്യനെ കാണാന്‍ കിട്ടുന്നത് കേവലം ഒരു സെക്കന്റ് മാത്രമാണ് ആ ഒരു സെക്കന്റിന്റെ അനുഭൂതിയില്‍ നടയിലെത്തുന്ന അയ്യപ്പന്മാരുടെയും മാളികപ്പുറങ്ങളുടെയും മുഖത്ത് മിന്നി മറയുന്ന വികാര വിക്ഷോഭങ്ങള്‍ കണ്ടപ്പോള്‍ സത്യത്തില്‍ കണ്ണ് നിറഞ്ഞു.

ഈ ഒരു നിമിക്ഷത്തെ നിര്‍വൃതിക്ക് വേണ്ടി കാടും മേടും താണ്ടി ലക്ഷോപലക്ഷം ഭകതര്‍ അയ്യനെ കാണാന്‍ വേണ്ടി നടയിലെത്തണമെങ്കില്‍ അവിടെ എത്തുമ്പോള്‍ കിട്ടുന്ന സായൂജ്യം അത് പറഞ്ഞു അറിയേണ്ടതല്ല അനുഭവിച്ചു അറിയേണ്ടത് തന്നെയാണത്, അത് തന്നെയാവും ജാതിമത ഭാഷകള്‍ക്കതീതമായി ശബരിമല അയ്യപ്പന്‍ കോടിക്കണക്കിന് വിശ്വാസികളുടെ ആശ്രയകേന്ദ്രമായി മാറിയത്.

എന്റെ കരിയറില്‍ അടുത്ത ഘട്ടത്തിലേക്കുള്ള ചവിട്ടുപടിയാവും എന്ന് ഞാന്‍ വിശ്വസിക്കുന്ന രണ്ട് പ്രോജക്ടുകളാണ് ഇനി വരാനിരിക്കുന്നത്. അതിലൊന്ന് ഈ മാസം 12 ന് റീലിസിനൊരുങ്ങുന്ന മാമാങ്കവും 16 ന് ചിത്രീകരണം ആരംഭിക്കുന്ന മേപ്പടിയാനും അതിന്റെ ഊര്‍ജവുമായാണ് അയ്യപ്പ ദര്‍ശനത്തിനായി ഞാന്‍ മലചവിട്ടിയത്. എന്നാല്‍ പോയതിനേക്കാള്‍ പതിന്മടങ്ങ് ഊര്‍ജവുമായാണ് ഞാന്‍ തിരികെ മല ഇറങ്ങിയത്. അയ്യന്റെ സന്നിധിയില്‍ നിന്ന് ലഭിച്ച ഈ ഊര്‍ജം തുടര്‍ന്നുള്ള എന്റെ മുന്‍പ്പൊട്ടുള്ള യാത്രയില്‍ പ്രതിഫലിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here