അയോധ്യാ ഭൂമി തർക്ക കേസ്; പുനഃപരിശോധനാ ഹർജികൾ സുപ്രിംകോടതി നാളെ പരിഗണിക്കും
അയോധ്യാ ഭൂമി തർക്കവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചേംബറിലാണ് ഹർജികൾ പരിഗണിക്കുന്നത്.
രഞ്ജൻ ഗൊഗോയ് ഒഴിഞ്ഞ സാഹചര്യത്തിൽ ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ഉൾപ്പെടുത്തി ബെഞ്ച് പുനഃസംഘടിപ്പിച്ചു. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുത്തേക്കും. മുസ്ലിം വ്യക്തി നിയമ ബോർഡ്, വിവിധ മുസ്ലിം കക്ഷികൾ, സാമൂഹ്യ- സാംസ്‌കാരിക പ്രവർത്തകർ, വിദ്യാഭ്യാസ വിദഗ്ദർ എന്നിവരാണ് കോടതിയെ സമീപിച്ചത്.
തർക്കപ്രദേശത്ത് രാമക്ഷേത്രം നിർമിക്കാൻ അനുമതി നൽകിയ വിധിയെയാണ് ചോദ്യം ചെയ്യുന്നത്. ഭരണഘടനാ ധാർമികത, മതേതരത്വം, നിയമവാഴ്ച എന്നിവയുമായി ബന്ധപ്പെട്ട കേസിൽ ഭരണഘടനാ ബെഞ്ചിന് പിഴവ് പറ്റിയെന്നാണ് കക്ഷികളുടെ വാദം. അയോധ്യയിൽ മസ്ജിദ് നിർമിക്കാൻ അഞ്ചേക്കർ സ്ഥലം അനുവദിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് അഖില ഭാരത ഹിന്ദു മഹാസഭയും ആവശ്യപ്പെട്ടിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here