പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം; അമിത് ഷായുടെ ഷില്ലോങ് സന്ദർശനം റദ്ദാക്കി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഷില്ലോങ് സന്ദർശനം റദ്ദാക്കി. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചയായിരുന്നു അമിത് ഷായുടെ ഷില്ലോങ് സന്ദർശനം തീരുമാനിച്ചിരുന്നത്.
തിങ്കളാഴ്ച അരുണാചൽ പ്രദേശ് സന്ദർശിക്കാനുള്ള തീരുമാനവും മാറ്റി.

പാസിംഗ് ഔട്ട് പരേഡിനായാണ് അമിത് ഷാ ഷില്ലോങിലെ നോർത്ത് ഈസ്റ്റ് പൊലീസ് അക്കാദമി സന്ദർശിക്കാൻ തീരുമാനിച്ചിരുന്നത്. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ ശനിയാഴ്ചയും തിങ്കളാഴ്ചയും ഝാർഖണ്ഡ് സന്ദർശിക്കും.

അതിനിടെ ഇന്ത്യ സന്ദർശിക്കാനുള്ള തീരുമാനം ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ വേണ്ടെന്നുവച്ചു. പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഷിൻസോ ആബെയുടെ സന്ദർശനം റദ്ദാക്കിയത്.  ഗുവാഹത്തിയിൽ നടക്കുന്ന വാർഷിക ഇന്ത്യ-ജപ്പാൻ ഉച്ചകോടിയിൽ ഡിസംബർ 15ന് ആബെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. സന്ദർശനം റദ്ദാക്കിയ കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിന് പിന്നാലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. അസം, ത്രിപുര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. അസമിൽ ബിജെപി എംഎൽഎയുടെ വീടിന് പ്രക്ഷോഭക്കാർ തീയിട്ടിരുന്നു. അസമിൽ സിആർപിഎഫ് നടത്തിയ വെടിവയ്പിൽ മൂന്ന് പേർ മരിച്ചിരുന്നു.

story highlights- Amit shah, shillong, citizenship amendment bill, assam, protestനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More