കണ്ണൻ ഗോപിനാഥൻ പൊലീസ് കസ്റ്റഡിയിൽ

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ പൊലീസ് കസ്റ്റഡിയിൽ. മുംബൈയിൽ വച്ചാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുംബൈയിൽ എത്തിയതായിരുന്നു അദ്ദേഹം. പ്രതിഷേധം ആരംഭിക്കുന്നതിന് മുൻപേ തന്നെ കണ്ണൻ ഗോപിനാഥനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് കണ്ണൻ ഗോപിനാഥൻ ഐഎഎസ് ജോലി രാജിവച്ചത്. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കുന്നവർ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്നും എന്നാൽ അവയ്‌ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കാൻ സർക്കാരിനാകില്ലെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞിരുന്നു.
അതിനിടെ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമാകുകയാണ്. പശ്ചിമ ബംഗാളിൽ റെയിൽവേ സ്റ്റേഷന് പ്രതിഷേധക്കാർ തീയിട്ടു. മുർഷിദാബാദ് ജില്ലയിലുള്ള റെയിൽവേ സ്റ്റേഷനാണ് വെള്ളിയാഴ്ച വൈകിട്ടോടെ പ്രതിഷേധക്കാർ തീയിട്ടത്. ബെൽദങ്ങ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ മർദിച്ചതായും റിപ്പോർട്ടുണ്ട്.
പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിന് പിന്നാലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. അസം, ത്രിപുര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. അസമിൽ ബിജെപി എംഎൽഎയുടെ വീടിന് പ്രക്ഷോഭക്കാർ തീയിട്ടിരുന്നു. അസമിൽ സിആർപിഎഫ് നടത്തിയ വെടിവയ്പിൽ മൂന്ന് പേർ മരിച്ചിരുന്നു.
Read also: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കനക്കുന്നു; ബംഗാളിൽ റെയിൽവേ സ്റ്റേഷന് തീയിട്ടു
Story highlights- citizenship amendment bill, kannan gopinathan, mumbai police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here