പാലാരിവട്ടത്ത് യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവം; നാല് എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ

പാലാരിവട്ടത്ത് കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ നാല് എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ. പൊതുമരാമത്ത് വകുപ്പാണ് എഞ്ചിനീയർമാരെ സസ്‌പെൻഡ് ചെയ്തത്. മന്ത്രി ജി സുധാകരന്റെ നിർദേശപ്രകാരമാണ് നടപടി.
നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ സൂസൻ തോമസ്, എറണാകുളം സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ കെ എൻ സുർജിത്, നിരത്ത് പരിപാലന വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ ഇ പി സൈനബ, അസിസ്റ്റന്റ് എഞ്ചിനീയർ പി കെ ദീപ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന്റെ പേരിലാണ് സസ്‌പെൻഷൻ.
ഇന്നലെ രാവിലെയാണ് പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം പൈപ്പ് പൊട്ടി റോഡിലുണ്ടായ കുഴിയിൽ വീണ് യുവാവ് മരിച്ചത്. റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. കുനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. കുഴിയുടെ സമീപത്തുവച്ചിരുന്ന അശാസ്ത്രീയമായ ബോർഡാണ് അപകടത്തിന് ഇടയാക്കിയത്. കുഴിയുടെ സമീപം എത്തുമ്പോൾ മാത്രമാണ് ഇരുചക്രവാഹനക്കാർക്ക്് കുഴി കാണാൻ സാധിക്കുകയുള്ളൂ. കുഴി കണ്ടയുടനെ വെട്ടിക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് യദുലാൽ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പിന്നാലെ വന്ന ലോറി യുവാവിന്റെ ദേഹത്ത് കയറുകയായിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
story highlights- palarivattom, accident, died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here