കൊച്ചിയിൽ യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവം; ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

കൊച്ചി പാലാരിവട്ടത്ത് യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. മൂന്ന് അഭിഭാഷകർ അടങ്ങുന്ന സംഘത്തെയാണ് കോടതി നിയമിച്ചിരിക്കുന്നത്. സംഭവത്തിൽ മാപ്പ് ചോദിക്കുന്നതായും കോടതി പറഞ്ഞു.
ഉദ്യോഗസ്ഥരെ വിശ്വസിക്കില്ലെന്ന് പറഞ്ഞ കോടതി എത്ര പേർക്ക് പത്ത് ലക്ഷം നൽകുമെന്നും സർക്കാരിനോട് ചോദിച്ചു. ജനങ്ങളുടെ അവസ്ഥ മനസിലാക്കാൻ തയാറാകണമെന്ന് ഹൈക്കോടതി പറഞ്ഞു.
കുഴി അടയ്ക്കുമെന്ന് സർക്കാർ ആവർത്തിച്ച് പറയുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. റോഡ് നന്നാക്കാൻ കോടതി പലതവണ ഉത്തരവിട്ടിട്ടും ഒന്നും നടക്കുന്നില്ല. ജനങ്ങളുടെ അവസ്ഥ മനസിലാക്കാൻ തയാറാകണം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം പൈപ്പ് പൊട്ടി റോഡിലുണ്ടായ കുഴിയിൽ വീണ് കൂനമ്മാവ് സ്വദേശി യദുലാൽ(23) ആണ് മരിച്ചത്. റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
കുഴിയുടെ സമീപത്തുവച്ചിരുന്ന അശാസ്ത്രീയമായ ബോർഡാണ് അപകടത്തിന് ഇടയാക്കിയത്. കുഴിയുടെ സമീപം എത്തുമ്പോൾ മാത്രമാണ് ഇരുചക്രവാഹനക്കാർക്ക്് കുഴി കാണാൻ സാധിക്കുകയുള്ളൂ. കുഴി കണ്ടയുടനെ വെട്ടിക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് യദുലാൽ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here